സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

2021-06-25 14:28:26

തിരുവനന്തപുരം : സിനിമാ മേഖലയുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും അനുബന്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

സിനിമാടെലിവിഷന്‍ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ശ്രദ്ധയില്‍പ്പെടുത്തി.

കോവിഡ് അനുബന്ധ ലോക്ഡൗണ്‍ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സര്‍ക്കാര്‍ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവര്‍ത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ, ഫിയോക്, മാക്ട, ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍, ഡബ്‌ളിയു.ഐ.സി.സി, ആത്്മ, കേരള എക്‌സ്ബിറ്റേഴ്‌സ് അസോസിയേഷന്‍, കേരള എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍, എഫ്.എഫ്.ഐ.എസ്.ഐ.സി.ഒ, കെ.എസ്.എഫ്.ഡി.സി, കെ.എസ്.സി.എ.ഡബ്‌ളിയു.എഫ്.ബി, ചലച്ചിത്ര അക്കാദമി തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് ചിത്രാഞ്ജലിയില്‍ ആധുനിക ഫിലിം സിറ്റിയും കൊച്ചിയില്‍ ആധുനിക സ്റ്റുഡിയോയും ഉള്‍പ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിര്‍മ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ സാംസ്‌ക്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം.ഡി എന്‍. മായ, ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.