കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ അട്ടപ്പാടി സന്ദർശിച്ചു

2021-06-25 14:57:46

അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൃൺമയി ജോഷി അട്ടപ്പാടി സന്ദർശിച്ചു.. ജലജീവൻ മിഷൻ മുഖേന സമ്പൂർണ്ണ ജലവിതരണം, കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതീകരണം എന്നിവ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി ജില്ലാ കലക്ടർ മുക്കാലി ഐ.ബി യിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി. 

മേലെ തുടുക്കി, താഴെ തുടുക്കി, സമീപ ഊരുകൾ എന്നിവിടങ്ങളിൽ  വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള  പ്രായോഗികത പരിശോധിച്ച് റിപ്പോർട്ട്  നൽകാൻ ജില്ലാ കലക്ടർ ഇ എം സി (എനർജി മാനേജ്മെന്റ് കമ്പനി) യിൽ നിന്നുള്ള എൻജിനീയർമാർക്ക് നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടർ താഴെ തുടുക്കി സന്ദർശിച്ചു.

ജലജീവൻ മിഷനിലൂടെ അട്ടപ്പാടി മേഖലയിൽ സമ്പൂർണ്ണ ജലവിതരണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മുഴുവനായും പൈപ്പ് വഴി വെള്ളം എത്തിക്കുന്നതിനായി ജല വിതരണ വകുപ്പ് തയ്യാറാക്കി വരുന്ന പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. മൂന്നാഴ്ച്ചക്കുള്ളിൽ പദ്ധതി തയ്യാറാക്കി ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയിൽ സമർപ്പിച്ചശേഷം റിപ്പോർട്ട് സർക്കാരിലേക്ക് നൽകും. സർക്കാരിൽ നിന്നും അനുമതി ലഭിച്ചശേഷം ഒരു വർഷത്തിനകം പദ്ധതി ആരംഭിക്കാനാകുമെന്നാണ് ജില്ലാ കലക്ടറുടെ വിലയിരുത്തൽ.

മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി മേഖലകളിൽ 18 - 45, 45 വയസിനു മുകളിലുള്ള വിഭാഗക്കാരിൽ 90 ശതമാനം പേരും കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് എടുത്തതായും ജില്ലാ കലക്ടർ അറിയിച്ചു.

കൂടാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി വനമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചും ജില്ലാ കലക്ടർ ചർച്ച നടത്തി.

ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ  ഓഫീസറുമായ ശിഖ സുരേന്ദ്രൻ, അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസൻ, ജനപ്രതിനിധികൾ, മണ്ണാർക്കാട് ഡി എഫ് ഒ വി.പി. ജയപ്രകാശ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, വനം വകുപ്പ്, ആരോഗ്യം, ഐ.ടി.ഡി.പി.  ഉദ്യോഗസ്ഥർ, ഇ.എം.സി. എൻജിനീയർമാർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.