കോവിഡ് 19 : മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് ക്ഷേത്ര പ്രവേശനത്തിന് അനുമതി

2021-06-25 15:12:16

  ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആരാധനാലയങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.
 

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം

1. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍) 16 ശതമാനത്തില്‍ താഴെയുള്ള എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ക്ഷേത്രങ്ങളില്‍ മാത്രമേ ഭക്തജനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതിയുള്ളൂ.

2. ക്ഷേത്രത്തിനുള്ളിലെ വിസ്തൃതി അടിസ്ഥാനപ്പെടുത്തി, ഭക്തജനങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തി ഒരു സമയം പരമാവധി 15 പേര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാവൂ. സാഹചര്യങ്ങള്‍ വിലയിരുത്തി ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള സമയം പരിമിതപ്പെടുത്തേണ്ടതാണ്.

3. ക്ഷേത്രം ശ്രീകോവില്‍, തിടപ്പള്ളി , ചുറ്റമ്പലം ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്ഷേത്ര ഭാഗങ്ങളും ക്ഷേത്ര പരിസരവും ശുചീകരണം നടത്തി അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാവൂ.

4. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഭക്തജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സജ്ജീകരണം (സാനിറ്റൈസര്‍ ,സോപ്പ്/ ഹാന്‍ഡ് വാഷ്, വെള്ളം) ഏര്‍പ്പെടുത്തണം. ശരിയായ രീതിയില്‍ കൈകാലുകള്‍ അണുവിമുക്തമാക്കാതെ ഭക്തജനങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കരുത്.

5. ഭക്തര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മാസ്‌ക് ധരിക്കാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത്.

6. ക്ഷേത്ര പ്രവേശന കവാടത്തിലും പാര്‍ക്കിംഗ് ഏരിയയിലും ഭക്തജനങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതിനായി ആറടി അകലത്തില്‍ നില്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കണം.

7. ക്ഷേത്രത്തിനകത്തും ദര്‍ശനത്തിനായും വഴിപാടുകള്‍ ശീട്ടാക്കുന്നതിനും ഭക്തജനങ്ങള്‍ക്ക് ആറടി  അകലത്തില്‍ നില്‍ക്കുന്നതിന് അടയാളം ചെയ്ത് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം. പരമാവധി 15 പേരെ മാത്രം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം ക്രമീകരണം നടത്തേണ്ടത്.

8. വഴിപാട് നിരക്കുകള്‍ ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തുന്നതിന് സൗകര്യമൊരുക്കണം. കഴിവതും കൃത്യമായ തുക തന്നെ അടയ്ക്കുന്നതിന് ആവശ്യപ്പെടാവുന്നതാണ്.

9. സാമൂഹിക അകലം പാലിച്ച് ക്ഷേത്രത്തിലെ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കണം.

10. ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴിയും പ്രത്യേകമായി സജ്ജമാക്കേണ്ടതാണ്.

11. ക്ഷേത്രങ്ങളുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന കടകളിലും മറ്റ് സ്ഥാപനങ്ങളിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെ ഭക്തജനങ്ങളെ പ്രവേശിക്കാവൂ.

12 . കൈകാലുകള്‍ അണുവിമുക്തമാക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലം ഇടവിട്ട് അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാവണം.

13. ക്ഷേത്രത്തിന് അകത്തെ തറയും പ്രദക്ഷിണവഴിയും ഇടവിട്ട് ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം.

14. ഭക്തജനങ്ങള്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് പ്രവേശന കവാടത്തില്‍ നോട്ടീസ് പ്രദര്‍ശിപ്പിക്കണം.

15. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ പേര് ,ഫോണ്‍ നമ്പര്‍, സ്ഥലം, വയസ്സ് എന്നിവ  രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

16. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ/ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാടിസ്ഥാനത്തില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടാതെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസൃതമായി അതത്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് ആളുകളെ പ്രവേശിപ്പിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.