പുതിയ മാധ്യമ സങ്കേതങ്ങള്‍ ഫോട്ടോഗ്രാഫിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

2021-06-28 15:38:58

പുതിയ മാധ്യമ സങ്കേതങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനല്‍ ഫോട്ടോഗ്രഫിയുടെ സാധ്യത വര്‍ദ്ധിക്കുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി. കെ. സജീവ് കുമാറിന്റെ പത്രരൂപകല്പന എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ നല്കുന്ന അവസരം, സ്വാതന്ത്ര്യം, അനുഭവം എന്നിവ എങ്ങനെ ഉപയോഗിക്കണം എന്നത് വിദ്യാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിയുടെ മീഡിയ ക്ലബ് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പത്രരൂപകല്പന എന്ന പുസ്തകം സംവിധായകന്‍ വി.കെ പ്രകാശ് ഏറ്റുവാങ്ങി. മുഖ്യപ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു. നമ്മള്‍ പിന്തുടരുന്ന ഏതു മേഖലയിലും നമുക്കുള്ള താത്പര്യവും പ്രതിബദ്ധതയും, വഴിയിലെ പ്രതിബന്ധങ്ങളെ നേരിടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രം പകര്‍ത്തുക മാത്രമല്ല, ചിത്രം സൃഷ്ടിക്കുകയും അങ്ങനെ സമൂഹത്തെ മാറ്റുകയുമാണ് ഫോട്ടോഗ്രാഫര്‍മാര്‍ ചെയ്യേണ്ടതെന്ന് പുലിറ്റ്സര്‍ പ്രൈസ് അവാര്‍ഡ് നേടിയ ഫോട്ടോ ജേണലിസ്റ്റ് ബാര്‍ബറ ഡേവിഡ്സണിനെ ഉദ്ധരിച്ചു കൊണ്ട് ചടങ്ങില്‍ അദ്ധ്യക്ഷനായ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു.

ടി.കെ സജീവ് കുമാര്‍, അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, കോഴ്സ് കോ ഓഡിനേറ്റര്‍മാരായ ലീന്‍ തോബിയാസ്, ബി. ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
     
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.