ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

2021-06-29 15:05:30

ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടനടി മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തോടൊപ്പം മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാനാണ് തീരുമാനം. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ വാക്‌സിന്‍ ജില്ലയില്‍ എത്തിക്കുന്നതിനുള്ള  നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
 
ഗവ. മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എംപവര്‍ കമ്മിറ്റി ചേരാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുള്ളതിനാല്‍ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നതായും നിയമനങ്ങള്‍ ഉടനടി നടത്താനുള്ള നടപടി സ്വീകരിക്കുന്നതിനു സജീവ ഇടപെടലുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

ജില്ലയിലെ 3427 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയിലെ  നെറ്റ് വര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇതിന് വേണ്ട പ്രൊപ്പോസല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

സ്‌കൂളുകളില്‍ സ്‌പെഷല്‍ ഫീസ് പിരിക്കരുത്

ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഫീസുകള്‍ പിരിക്കുന്ന പ്രവണത ഉണ്ടെങ്കില്‍ ഉടനടി അത് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഇല്ലെന്നും കൃത്യമായി പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്നതുയി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ ശാന്തകുമാരി എം.എല്‍.എ യോഗത്തില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

സിറ്റി ഗ്യാസ് പദ്ധതി: വിതരണം നവംബറില്‍ ആരംഭിക്കും

സിറ്റി ഗ്യാസ് പദ്ധതിയില്‍ ആദ്യഘട്ടത്തിലെ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി സിറ്റി ഗ്യാസ് അധികൃതര്‍ അറിയിച്ചു. ഗെയില്‍ സ്റ്റേഷനില്‍നിന്ന് സിറ്റി ഗ്യാസ് സ്റ്റേഷനിലേക്കുള്ള പൈപ്പിടല്‍ പദ്ധതികളാണ് നിലവില്‍ പുരോഗമിക്കുന്നത്. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പൈപ്പിടുന്നതിന് ഏപ്രിലിലാണ് അനുമതി ലഭിച്ചത്. 2021 നവംബറോടെ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സിറ്റി ഗ്യാസ് പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിതരണം ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 2022 ഫെബ്രുവരിയോടെ പാലക്കാട് നഗരസഭയില്‍  രണ്ടായിരത്തോളം കണക്ഷന്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. കല്ലേക്കാട് കൂറ്റനാട്, ആലത്തൂര്‍ എന്നീ ഗ്യാസ് സ്റ്റേഷനുകള്‍ ജൂലൈ 31 നകം പണി പൂര്‍ത്തിയാകും.

വിവാഹ ധനസഹായം ഉടനടി നല്‍കണം

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്ന വിവാഹ ധനസഹായത്തിനായി അപേക്ഷിച്ചവര്‍ക്ക് ഉടന്‍ സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. 10 വിവിധയിനം പദ്ധതികളിലായി 182 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എസ്.സി പ്രമോട്ടര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ 2545 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ കൃഷിക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ശ്രീകണ്ഠന്‍ എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. കുനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു മരണപ്പെട്ട കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തര സഹായം എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

മുതലമട മാംഗോ ഹബ്ബുമായി ബന്ധപ്പെട്ട് മാങ്ങ ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കൂടാതെ പാക്കിങ് യൂണിറ്റ്, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കെ. ബാബു എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പൂക്കോടില്‍ ആദിവാസി വിഭാഗത്തില്‍പെട്ട ഒരു കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഒറ്റപ്പാലം- മണ്ണാര്‍ക്കാട് റോഡില്‍ (അമ്പലപ്പാറ വഴി) മുരുക്കുംപൊറ്റയില്‍ പാറ പൊട്ടിച്ചുനീക്കി സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

നവകേരള മിഷനുകളുടെ അവലോകനം നടന്നു

ലൈഫ് മിഷന്‍

ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 94.22 ശതമാനം പൂര്‍ത്തിയായതായി ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍  അറിയിച്ചു. 8076 വീടുകളില്‍ 7609 എണ്ണം ഇതുവരെ പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ 94.93 ശതമാനം ഗുണഭോക്താക്കളും എഗ്രിമെന്റ് ചെയ്തു. സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായുള്ള മൂന്നാംഘട്ടത്തില്‍ അര്‍ഹരായ 11449 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ലഭിച്ച 68 അപേക്ഷകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ചിറ്റൂര്‍ - തത്തമംഗലം, കണ്ണാടി, കരിമ്പ എന്നിവിടങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

 ഹരിതകേരളം 

ശുചിത്വ പദവി ലഭിക്കാത്ത ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നെല്ലിയാമ്പതിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ 64 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് നഗരസഭകള്‍ക്കും ശുചിത്വ പദവി ലഭിച്ചതായി ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന ഏജന്‍സികളുമായി യോഗം ചേരാന്‍ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 ആര്‍ദ്രം 

ജില്ലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന നെന്മാറ, കടമ്പഴിപ്പുറം, കോങ്ങാട്, ചളവറ തുടങ്ങിയ ആറ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. വി കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ പങ്കെടുത്തു. എം.എല്‍.എ.മാരായ കെ. ശാന്തകുമാരി, കെ ബാബു, പി.പി സുമോദ്, കെ.പ്രേംകുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.