ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും- മന്ത്രി മുഹമ്മദ് റിയാസ്

2021-06-29 15:31:55

വയനാടിന്‍റെ ചരിത്രം, പൈതൃകം, സാംസ്കാരം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും

ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജില്ലയുടെ ടൂറിസം വികസന സാധ്യതകള്‍ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റമാരുടെ  ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ജില്ലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള  എല്ലാ ജനവിഭാഗങ്ങളെയും കണക്കിലെടുത്തുകൊണ്ട് അവരുടെ കൂടി ക്ഷേമം ഉദ്ദേശിച്ചുള്ള സുസ്ഥിര ടൂറിസം വികസനമാണ് നടപ്പിൽവരുത്തേണ്ടത്. ടൂറിസം വികസനത്തിന്റെ ഗുണം ആദിവാസി സമൂഹത്തിനു കൂടി ലഭ്യമാകണം. വയനാട്ടിലേക്കുള്ള ചുരം നിർമിക്കാൻ ബ്രിട്ടീഷുകാർക്ക് മാർഗം കാണിച്ചു കൊടുത്ത കരിന്തണ്ടന്റെ പിന്മുറക്കാരാണ് വയനാട്ടിലെ ഗോത്ര ജനത. കാര്യം കഴിഞ്ഞപ്പോൾ  കരിന്തണ്ടനെ ബ്രിട്ടീഷുകാർ കൊന്നുതള്ളി. 

 

തദ്ദേശീയമായ ടൂറിസത്തിന് എല്ലാ സാധ്യതകളും നിറഞ്ഞ ജില്ലയാണ് വയനാട്. പ്രാദേശിക ടൂറിസം പദ്ധതിയിലൂടെ ജില്ലാതലത്തില്‍ ഡെസ്റ്റിനേഷനുകള്‍ സജീവമാവുകയും സാമാന്യജനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വവും താത്പര്യവും വളര്‍ന്നുവരികയും ചെയ്യും. പ്രദേശങ്ങള്‍ മാലിന്യവിമുക്തവും ടൂറിസം സൗഹൃദം നിറഞ്ഞതുമായി  മാറും. മന്ത്രി പറഞ്ഞു.

 

യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അവരവരുടെ പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകള്‍ അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കി നല്‍കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട ഡെസ്റ്റിനേഷനുകളുടെ പട്ടിക പൂര്‍ത്തിയായാലുടന്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളുടെ റോഡ് മാപ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സാഹസികടൂറിസം, ഉത്തരവാദടൂറിസം എന്നിവയിലൂന്നിയുള്ള ടൂറിസം വികസനമാണ് വകുപ്പ് വിഭാവനം ചെയ്യുന്നത്. 

 

സംസ്ഥാനത്തു നടപ്പാക്കാനുദ്ദേശിക്കുന്ന പഞ്ചായത്ത് തല ടൂറിസം ഡെസ്റ്റിനേഷന്‍ വികസന പദ്ധതിയുടെ ഭാഗമായാണ് വയനാട് ജില്ലയുടെ സാധ്യത ആദ്യം പരിശോധിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും  മന്ത്രി യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. 

 

ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല, ടൂറിസം ഡയറക്ടര്‍, മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും 26 പഞ്ചായത്തുകളുടെയും അധ്യക്ഷര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.