ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു

2021-06-30 14:42:16

മറയൂര്‍  സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ഊരുവിദ്യാ കേന്ദ്രങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ലാപ് ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി . കെ. ഫിലിപ്പ് മറയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നിര്‍വ്വഹിച്ചു.

ഇടുക്കി ജില്ലയിലെ ഗോത്രവിഭാഗ കുട്ടികളുടെ 'അക്കാദമിക ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച പദ്ധതിയാണ് ഊരുവിദ്യാ കേന്ദ്രങ്ങള്‍. വിദ്യാ വോളന്റിയര്‍മാര്‍ കുട്ടികളുടെ ഭവനം സന്ദര്‍ശിച്ചും, ആരോഗ്യ, വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടും വിദ്യാലയത്തില്‍ ഹാജര്‍ ഉറപ്പാക്കിയും കേന്ദ്രങ്ങളില്‍  പഠനപിന്തുണ നല്‍കിയും കുട്ടികളോടൊപ്പമുണ്ടാകും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ കേന്ദ്രങ്ങള്‍ എല്ലാം ടെലിവിഷന്‍ സൗകര്യം ഒരുക്കി ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ലാപ്ടോപ് നല്‍കുന്നതോടെ ഫസ്റ്റ്ബെല്‍ ക്ലാസ്സുകള്‍ മൊബൈല്‍ നെറ്റ് വര്‍ക് കിട്ടുന്ന സമീപ പ്രദേശങ്ങളില്‍ പോയി വിദ്യാവോളന്റിയര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കും. അങ്ങനെ ക്ലാസ്സുകള്‍ നഷ്ടപ്പെട്ടാലും അവ കാണാനും റിവിഷനും സൗകര്യം ഒരുക്കും. മറ്റു പഠനവിഭവങ്ങളും കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയും. സ്‌കൂള്‍ പാഠ്യപദ്ധതിയിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പ്രായോഗിക പരിശീലനത്തിനും സൗകര്യം ലഭിക്കും.

  ഇടുക്കിയുടെ തനത് പ്രശ്നങ്ങള്‍ കണ്ടെത്തി വിവിധ ഏജന്‍സികള്‍ ഏകോപനത്തിലൂടെ പ്രവര്‍ത്തിച്ചാല്‍ ജൂലൈ മാസത്തോടെ തന്നെ നെറ്റ് വര്‍ക്ക്, ഉപകരങ്ങളുടെ ദൗര്‍ലഭ്യം എന്നിവയ്ക്ക് പരിഹാരം കാണാന്‍ ആകുമെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രശിക്ഷ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ. എ. പി. കുട്ടികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്. രാജേന്ദ്രന്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി, മറ്റു മെമ്പര്‍മാര്‍, സമഗ്രശിക്ഷാ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍. ഡി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍ കുമാര്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധികൃതര്‍, സമഗ്രശിക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.