ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന് പദ്ധതി

2021-06-30 15:17:26

 ആദ്യഘട്ടം വൈത്തിരി ഗ്രാമപഞ്ചായത്തില്‍*

വയനാട് ജില്ലയിലെ ടൂറിസം മേഖലകളെ പൂര്‍ണമായി കോവിഡ് വാക്‌സിനേഷന്‍ ചെയ്യിക്കാന്‍ തീരുമാനം. ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സമ്പൂര്‍ണ വാക്‌സിനേഷനുള്ള നടപടികള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലും രണ്ടാംഘട്ടത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതിയായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടത്തുക.

ടൂറിസ്റ്റുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ ജോലിക്കാരെയും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തും. വൈത്തിരി, മേപ്പാടി എന്നീ പഞ്ചായത്തുകളിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള  വാക്‌സിനെടുക്കാത്ത ഹോട്ടല്‍- റിസോര്‍ട്ട്- ഹോം സ്റ്റേ- സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി എല്ലാ ടൂറിസം മുന്നണി പ്രവര്‍ത്തകരെയും പൂര്‍ണമായും വാക്സിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും അടുത്ത സീസണ്‍ മുന്‍കൂട്ടി കണ്ടാണ് നടപടികള്‍.

ഇത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി.വി, ഡി.ടി.പി.സി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി. മുഹമ്മദ് സലീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വിവിധ സംഘടാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.