ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

2021-07-01 15:10:12

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ഊർജിത നടപടികളുമായി സർക്കാർ. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് പഠനോപകരണങ്ങൾ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകർതൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും. ക്യാമ്പയിനിന്റെ ഭാഗമായി കോമൺ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ നൽകും. സഹകരണ ബാങ്കുകൾ പഠനോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ നൽകും. ജില്ലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ ജില്ലാകളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരുടെ വിപുലമായ യോഗം ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കും.
ഡിജിറ്റൽ പഠനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 2090/2021    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.