മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് 'സമുദ്ര' സൗജന്യ ബസ് യാത്ര

2021-07-01 15:15:19

ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേർന്ന മത്സ്യ വിൽപ്പനക്കാരായ മത്സ്യത്തൊഴിലാളി വനിതകൾക്ക് തിരുവനന്തപുരത്ത് 'സമുദ്ര' എന്നപേരിൽ സൗജന്യബസ് യാത്രാ സൗകര്യം ഒരുക്കുന്നു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിനായി മൂന്നു ബസ്സുകൾ രൂപമാറ്റം വരുത്തി മത്സ്യവിൽപ്പനക്കാരായ വനിതകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ തിരുവന്തപുരം ജില്ലയിൽ യാത്ര സൗകര്യത്തിന് സജ്ജമാക്കിയിട്ടുണ്ട്.
ഡീസൽ, സ്പെയർ പാർട്സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി ഒരു ബസ്സിന് പ്രതിവർഷം 24 ലക്ഷം എന്ന ക്രമത്തിൽ മൂന്നു ബസ്സുകൾക്ക് പ്രതിവർഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് കണ്ടെത്തും. മത്സ്യ വില്പനയിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകൾക്ക് യാത്ര സൗജന്യമായിരിക്കും. ഒരു വാഹനത്തിൽ 24 പേർക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങൾ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ആഗസ്റ്റ് ആദ്യവാരത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
മന്ത്രി സജി ചെറിയാന്റെ ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ഫിഷറീസ് ഡയറക്ടർ സി.എ ലത, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.