ഓൺലൈൻ പഠനം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കി

2021-07-01 15:21:12

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ വീഴ്ച വരാതിരിക്കാൻ ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്താനും റീചാർജ്ജ് സൗകര്യമടക്കം ഏർപ്പാടാക്കാനും സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഈ അധ്യയനവർഷം പൂർണമായും പട്ടികവർഗ ഉപപദ്ധതി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കണമെന്ന് നിഷ്‌കർഷിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കുട്ടികൾക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്തിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ, അനർട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി പട്ടികവർഗ ഉപപദ്ധതി വിഹിതമോ, തനത് ഫണ്ടോ വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.    
പട്ടികവർഗ വകുപ്പ് ഇതിനകം തന്നെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും സൗകര്യങ്ങൾ തീരെയില്ലാത്തതുമായ കുട്ടികളെയും സങ്കേതങ്ങളെയും തിട്ടപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി കമ്പ്യൂട്ടർ ലഭിക്കാത്ത പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്ലെറ്റുകളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് നിർദേശിച്ചതായി മന്ത്രി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഓരോ വിദ്യാർത്ഥിക്കും പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ സൗകര്യവും ഇന്റർനെറ്റും ലഭ്യമാക്കാൻ സാധിക്കുന്നില്ല എങ്കിൽ പൊതുകേന്ദ്രങ്ങൾ സജ്ജമാക്കി പഠനം ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ പട്ടിവർഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിച്ച് വാങ്ങി നൽകണം. ഇതിനാവശ്യമായ സ്‌പെസിഫിക്കേഷൻ വിദ്യാഭ്യാസ വകുപ്പ് നൽകണം. പഠനാവശ്യത്തിനുള്ള ടെലിവിഷൻ, വൈദ്യുതി കണക്ഷൻ, കേബിൾ കണക്ഷൻ തുടങ്ങിയവയുടെ തകരാറുകൾ പരിഹരിക്കാൻ സന്നദ്ധസേവകരെ തയ്യാറാക്കി നിർത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.