കോവിഡ് പ്രതിരോധത്തിൽ വീണ്ടും കാസർകോട് മാതൃക: പരിശോധനയിലും വാക്സിനേഷനിലും ഒന്നാമത്, മരണനിരക്കിൽ കുറവ്

2021-07-01 15:51:12

കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കാസർകോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസർകോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതും പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടമായി. കോവിഡ് ഒന്നാം തരംഗത്തിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മുഴുവൻ രോഗികളെയും കോവിഡ് രോഗമുക്തരാക്കാൻ സാധിച്ചിരുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താൽ 0.3 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചതിലൂടെയാണ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത്.
പ്രതിദിന പരിശോധന ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചതിലൂടെ രോഗതീവ്രത നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്. പരമാവധി 4000 കോവിഡ് പരിശോധനകൾ നടത്താനായിരുന്നു തീരുമാനമെങ്കിൽ ജില്ലയിൽ അത് ശരാശരി 5400ന് മുകളിലാണ്.
ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾട്ടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയും ജില്ലയിൽ അവലംബിക്കുന്നുണ്ട്. ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലെ 777 വാർഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സാധിച്ചു. ഏഴ് ദിവസത്തിന് ശേഷം തുടർ പരിശോധന ഉൾപ്പെടെ സാധ്യമാകും വിധമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധനക്ക് വിധേയരാകുന്നുണ്ട്.
ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ടാറ്റ കോവിഡ് ആശുപത്രി എന്നിവിടങ്ങളിൽ മികച്ച ചികിത്സ ലഭ്യമാക്കാനായതോടെയാണ് മറ്റു ജില്ലകളിലെ അപേക്ഷിച്ച് മരണസംഖ്യ പിടിച്ചു നിർത്താൻ സാധിച്ചത്. കോവിഡ് മൂർച്ഛിച്ച രോഗികളെ പരിയാരത്തേക്കോ മംഗളൂരുവിലേക്കോ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന യാത്രാ ദൈർഘ്യം കുറക്കാൻ ഈ ആശുപത്രികളുടെ സേവനം കൊണ്ട് സാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും ദീർഘവീക്ഷണത്തോടു കൂടിയ നടപടികൾ കൊണ്ടാണ് ഈ നേട്ടങ്ങൾ സാധ്യമായത്.
   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.