കോവിഡ് നിര്‍വ്യാപനം പരിശോധന നിരക്ക് 18 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

2021-07-01 16:01:26

  ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ശരാശരി കോവിഡ് പരിശോധന നിരക്ക് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ ഭരണ പ്രദേശങ്ങളില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. എ, ബി, സി, ഡി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ അനുവദിച്ച ഇളവുകള്‍ തുടരും.

ബി വിഭാഗത്തില്‍ ഉള്‍പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓട്ടോ റിക്ഷ സര്‍വ്വീസ് നടത്താം. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് യാത്രക്കാര്‍ മാത്രമെ വാഹനത്തിലുണ്ടാകാവൂ എന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയില്‍ എത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സാക്ഷ്യപത്രം കൈവശം വെക്കണം. ഇത് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തും. ഇന്ന് (ജൂലൈ ഒന്ന്) മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.

ശരാശരി ടി.പി.ആര്‍ നിരക്ക് 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലാണ് ഉള്‍പ്പെടുക. ആറിനും 12 ശതമാനത്തിനുമിടയില്‍ ശരാശരി ടി.പി.ആര്‍ നിരക്കുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ശരാശരി ടി.പി.ആര്‍ നിരക്ക് ആറ് ശതമാനത്തിനു താഴെയുള്ള പ്രദേശങ്ങള്‍ വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരെല്ലാം എന്‍ 95 മാസ്‌കോ ഇരട്ട മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം തടയാന്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതീവ ശ്രദ്ധ വേണമെന്നും സ്ഥാപനങ്ങളില്‍ ഒരു കാരണവശാലും തിരക്ക് അനുവദിക്കരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.