അഡീഷണല്‍ എസ്പിയ്ക്ക് ഇരട്ടബഹുമതി, ജില്ലാപോലീസിന് ഇരട്ടിമധുരം

2021-07-01 16:28:59

ജില്ലയുടെ അഡീഷണല്‍ എസ്പി എന്‍. രാജന് ലഭിച്ച ഇരട്ട ബഹുമതി പത്തനംതിട്ട ജില്ലാ പോലീസിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്. കരുവാറ്റ സര്‍വീസ് സഹകരണബാങ്കിന്റെ ഷട്ടര്‍ 2020 ല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് അകത്തുകടന്ന് മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചതിന് ഹരിപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന് മികച്ചനിലയില്‍ നേതൃത്വം നല്‍കുകയും, കുറ്റമറ്റ രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിന് ആലപ്പുഴ അഡീഷണല്‍ എസ്പി എന്ന നിലയ്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. കൂടാതെ, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ അഡീഷണല്‍ എസ്പി സ്ഥാനത്ത് പ്രവര്‍ത്തിച്ച് മികച്ച ഭരണപാടവം കാഴ്ചവച്ചതിന് മറ്റൊരു ബാഡ്ജ് ഓഫ്  ഓണറും നേടിയതോടെ അപൂര്‍വ നേട്ടത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് എന്‍. രാജന്‍.
 ഓണാവധിക്കാലത്ത് അടച്ചിട്ടിരുന്ന ബാങ്കിന്റെ ഷട്ടര്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലര കിലോ സ്വര്‍ണവും, അഞ്ചു ലക്ഷം രൂപയും കവര്‍ന്നെടുത്ത കേസിന്റെ അന്വേഷണത്തിലെ മികച്ച പ്രകടനമാണ് എന്‍. രാജനെയും സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെയും ഡിജിപിയുടെ കഴിഞ്ഞവര്‍ഷത്തെ ഉന്നത ബഹുമതിയ്ക്ക് അര്‍ഹരാക്കിയത്. മികവാര്‍ന്ന അന്വേഷത്തിനൊടുവില്‍ അന്യൂനമായ തരത്തില്‍ ഈ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു എന്നത് എടുത്തുപറയത്തക്ക നേട്ടമായി. 137 സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയും, 74 രേഖകള്‍ ഉള്‍ക്കൊള്ളിച്ചും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് പഴുതടച്ച അന്വേഷണത്തിനൊടുവിലാണ്. 
ഈവര്‍ഷം ഫെബ്രുവരി 27 ന് ജില്ലാ പോലീസ് അഡീഷണല്‍ എസ്പിയായി ചുമതലയേറ്റ എന്‍. രാജന്‍ ജില്ലാ പോലീസിന്റെ ഭരണ നിര്‍വഹണ രംഗത്ത് ശ്രദ്ധേയമായ നേതൃത്വം നല്‍കിവരികയാണ്. കോവിഡ് കാലത്ത് ജില്ലാ പോലീസില്‍ ഏര്‍പ്പെടുത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റും അദ്ദേഹത്തെ ഇരട്ട ബഹുമതിക്ക് അര്‍ഹനാക്കുകയായിരുന്നു. ഇത് ജില്ലാ പോലീസിനെ സംബന്ധിച്ച് ഇരട്ടിമധുരമായി മാറിയിരിക്കുകയാണ്. 2018 ല്‍  വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും, 2020 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും നേടി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് രാജന്‍.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.