ലക്ഷം പിന്നിട്ട് കേരള കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ് പരിശോധന

2021-07-02 15:11:26

 കാസർകോടിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സർവ്വകലാശാലയിലെ  ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള  വൈറോളജി ലാബിൽ ജൂലൈ വരെ 148534 സാമ്പിളുകൾ ആണ് പരിശോധിച്ചത്.  പ്രതിദിനം ശരാശരി 1700 സാമ്പിളുകളുടെ പരിശോധനയാണ് ഇവിടെ നടക്കുന്നത്.
ജില്ലയുടെ കോവിഡ് പ്രതിരോധം ഊട്ടിയുറപ്പിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കർമ്മനിരതമാണ് സർവ്വകലാശാലയിലെ വൈറോളജി ലാബ്. ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രി, പ്രത്യേക ക്യാമ്പുകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. തുടർന്ന്  പരിശോധനാ ഫലം സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നു.
വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായും സർവ്വകലാശാല സഹകരിക്കുന്നുണ്ട്. പ്രതിമാസം മുന്നൂറോളം സാമ്പിളുകൾ ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുന്നുണ്ട്. ഇതുവരെ 1500 ഓളം സാമ്പിളുകളാണ് അയച്ചത്. യുനിസെഫിന്റെ സഹായത്തോടെ ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ച് ഒരു ആർടിപിസിആർ മെഷീനും ആർഎൻഎ എക്സ്ട്രാക്ട് മെഷീനും അനുവദിച്ചിട്ടുണ്ട്. അവ കൂടി എത്തുന്നതോടെ സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടാനാകുമെന്ന് വകുപ്പ് മേധാവി ഡോ. രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു.
ഡോ. രാജേന്ദ്ര പിലാങ്കട്ടക്ക് പുറമെ അധ്യാപകനായ ഡോ. സമീർ കുമാർ, ലാബ് ടെക്നീഷ്യന്മാരായ ആരതി എം., ക്രിജിത്ത് എം.വി., സുനീഷ് കുമാർ, രൂപേഷ് കെ., റോഷ്ന രമേശൻ, വീണ, ലാബ് അസിസ്റ്റന്റുമാരായ ജിതിൻരാജ് വി., ഷാഹുൽ ഹമീദ് സിംസാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായ മുഹമ്മദ് റിസ്‌വാൻ, നിഖിൽ രാജ്, സച്ചിൻ എം.പി, ഗവേഷക വിദ്യാർത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രൻജീത്. അശുതോഷ്, അഞ്ജലി എന്നിവരാണ് വൈറോളജി ലാബിലെ കോവിഡ് പോരാളികൾ. വൈസ് ചാൻസലർ പ്രൊഫ.എച്ച്. വെങ്കടേശ്വർലുവിന്റെ ഇടപെടലും പിന്തുണയും ഇതിന് പിന്നിലുണ്ട്.
കോവിഡ് പ്രതിരോധ നടപടികൾ ആഴ്ചതോറും വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനും കോവിഡ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കമ്മറ്റി നടപടികൾ സ്വീകരിച്ചുവരുന്നു. 2020 മാർച്ച് 30നാണ് കോവിഡ് പരിശോധിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ അംഗീകാരത്തോടെ കേന്ദ്ര സർവ്വകലാശാല വകുപ്പിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നിർദേശം പരിഗണിച്ചായിരുന്നു വൈറോളജി ലാബിൽ കോവിഡ് പരിശോധന ആരംഭിച്ചത്. രാജ്യത്ത്  കോവിഡ് പരിശോധനക്ക് നേതൃത്വം നൽകുന്ന ആദ്യ കേന്ദ്ര സർവ്വകലാശാലയാണ് ഇത്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.