കേന്ദ്ര മന്ത്രി സഭയിൽ അഴിച്ചു പണി 43 പുതിയ മന്ത്രിമാർ

2021-07-07 22:55:23

43 പുതിയ മന്ത്രിമാർ; കേന്ദ്ര മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു,രണ്ടാം മോദി സർക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്

 

 
ന്യൂ ഡൽഹി :കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ മുഖംമിനുക്കി കേന്ദ്ര മന്ത്രിസഭ. രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടന.

നിലവിലുള്ള മന്ത്രിസഭയിൽനിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ ഉടച്ചുവാർത്തത്. ആരോഗ്യമന്ത്രി ഹർഷവർധൻ, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാർ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയിൽ ഇപ്പോഴുള്ളത്.

പുതിയ മന്ത്രിമാരിൽ 15 പേർക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേർ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരിൽ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തിൽനിന്ന് 27 പേരും എസ്.ടി. വിഭാഗത്തിൽനിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽനിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എൻജിനീയർമാർ, ഏഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നാല് മുൻമുഖ്യമന്ത്രിമാർ എന്നിവരും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു.

മന്ത്രിസഭാ വിപുലീകരണത്തില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം പ്രതിഫലിച്ചേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഹര്‍സിമ്രത് കൗര്‍ (ശിരോമണി അകാലി ദള്‍), നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി (ബിജെപി) എന്നിവരായിരുന്നു കാബിനറ്റ് പദവി ലഭിച്ച വനിതകള്‍. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് കൗര്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചിരുന്നു.
സ്ത്രീ ശാക്തീകരണത്തിനൊപ്പം ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം സര്‍ക്കാരിന്റെ മുന്‍ഗണനകളാണ്. പുതിയ മന്ത്രിസഭയില്‍ പട്ടികജാതി സമുദായങ്ങളില്‍നിന്നു രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 12 അംഗങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്ന് എട്ടു പേരും ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടങ്ങളില്‍നിന്നുള്ള വിവരം. സര്‍ക്കാരിലെ പ്രമുഖ ദലിത് മുഖമായ തവര്‍ചന്ദ് ഗെഹ്‌ലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ച ശേഷം, പട്ടികജാതി സമൂഹത്തില്‍നിന്ന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം.

മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധമതക്കാര്‍ എന്നിങ്ങനെ ന്യൂനപക്ഷത്തില്‍നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് കാബിനറ്റ് റാങ്കുകള്‍ ഉണ്ടാകും. ബ്രാഹ്‌മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. പുതിയ സര്‍ക്കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകും.
 
”മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 ആയിരുന്നു. പുതിയ മന്ത്രിസഭയില്‍ അത് 58 വയസ് ആയിരിക്കും,” വൃത്തങ്ങള്‍ പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.