ഉറൂബിന് പ്രണാമമായി മേലാങ്കോട്ടെ കുട്ടികളുടെ ശബ്ദ നാടകം’കുതിരക്കാരൻ ‘ശ്രദ്ധേയമായി

2021-07-10 18:27:37

    
     കാഞ്ഞങ്ങാട് : വിദ്യാർഥികളും അധ്യാപകരും ചേർന്ന് അണിയിച്ചൊരുക്കിയ ‘കുതിരക്കാരൻ ‘ശബ്ദ നാടകം വേറിട്ട കലാരൂപമായി.പച്ചയായ മനുഷ്യരുടെ ജീവിതം കഥകളിലൂടെയും നോവലുകളിലൂടെയും
വായനക്കാരിലെത്തിച്ച ഉറൂബിന്റെ നാൽപ്പത്തിമൂന്നാം ജന്മദിനത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ഓൺലൈനിൽ സംഘടിപ്പിച്ച സാഹിത്യ യൗവ്വനം പരിപാടിയുടെ ഭാഗമായാണ് കോയസ്സൻ കഥയ്ക്ക് നാടകാവിഷ്കാരം നൽകിയത്. നാടക രചനയിലും സംവിധാനത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയ അധ്യാപകൻ പ്രകാശൻ കരിവെള്ളൂരാണ് നാടകരൂപവും സംവിധാനവും നിരവഹിച്ചത്.
സ്‌നേഹത്തിന്റെയും വറ്റാത്ത നന്മയുടെയും ഒരു വിശാലലോകം നമുക്കു മുന്നില്‍ തുറന്നിടുന്ന കഥയാണ് ഉറൂബിന്റെ ‘കോയസ്സന്‍’. ലോകത്തെ കീഴ്മേൽ മറിച്ചു കൊണ്ടിരിക്കുന്ന ഈ മഹാവ്യാധിയുടെ കാലത്ത് കാലമാവശ്യപ്പെടുന്ന പ്രമേയമായതു കൊണ്ടാണ് ഈ കഥ തന്നെ തെരെഞ്ഞെടുത്തത്. ഓൺലൈൻ ക്ലാസുകളിൽ ശബ്ദ നാടകമെന്ന ആശയം വിദ്യാർഥികളിലും രക്ഷിതാക്കളിലും പങ്കു വെക്കുക എന്ന ലക്ഷ്യവും പന്ത്രണ്ട് മിനുട്ട് ദൈർഘ്യമുള്ള നാടകത്തിലൂടെ സാധിച്ചു. അഞ്ചാം തരത്തിലെ മലയാളത്തിൽ പാഠ്യവിഷയം കൂടിയാണ് സുന്ദരമായ ഈ കഥ.
അപ്പു എന്ന കുട്ടിയുടെ തറവാട്ടിലെ ഒരംഗത്തെപ്പോലെയാണ് കുതിരവണ്ടിക്കാരനായ കോയസ്സന്‍ ജീവിച്ചിരുന്നത്. അപ്പുവിന് ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്തിനും ഏതിനും കോയസ്സന്‍ വേണമായിരുന്നു. എന്നാല്‍ പുതിയ കാലത്തില്‍ കോയസ്സനും അയാളുടെ കുതിരവണ്ടിയുമെല്ലാം അനാവശ്യവസ്തുക്കളായി മാറുന്നു. .
അയാള്‍ക്ക് ഒരു കുടുംബമുണ്ട്. രണ്ട് മക്കളുമുണ്ട്. എന്നാല്‍ അയാള്‍ അവരെ കാണാന്‍ വീട്ടിലേക്ക് പോകാറില്ല. സ്വന്തം മക്കള്‍ക്ക് നല്‍കേണ്ട സ്‌നേഹവാത്സല്യങ്ങള്‍ കോയസ്സന്‍ യാതൊരു പിശുക്കുമില്ലാതെ അപ്പുവിനു നല്‍കുന്നു. അപ്പുവിന്റെ വികൃതികള്‍ക്ക് അയാള്‍ സംരക്ഷണം നല്‍കുന്നു. അവനെ മറ്റുള്ളവരുടെ ശാസനയില്‍നിന്നും ശിക്ഷകളില്‍നിന്നും രക്ഷിക്കുന്നു.
കോയസ്സന്റെ ഏറ്റവും വലിയ പ്രത്യേകത തൊപ്പിക്കുടയോളം വലുപ്പമുള്ള തലപ്പാവാണ്. അത് ധരിക്കാത്തപ്പോള്‍ കുതിരപോലും അയാളെ തിരിച്ചറിയുന്നില്ല. നിധിപോലെയാണ് അയാള്‍ അത് സംരക്ഷിക്കുന്നത്. കോയസ്സന്റെ വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടയാളമാണ് തലപ്പാവ്. വര്‍ഷങ്ങളോളം അപ്പുവിന്റെ തറവാട്ടില്‍ കഴിഞ്ഞുകൂടിയ കോയസ്സന്‍ താനവിടുത്തെ ഒരംഗംതന്നെയാണ് എന്നും തനിക്കവിടെ കാര്യമായ ഉത്തരവാദിത്വങ്ങളുണ്ടെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് തറവാട്ടില്‍ കാറ് വാങ്ങിയപ്പോള്‍ അയാള്‍ തിരിച്ചറിയുന്നു.
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആ തറവാടിനുവേണ്ടി ചെലവാക്കിയ ആളാണ് കോയസ്സന്‍. അയാളെ അപ്പുവൊഴിച്ച് ആ വീട്ടിലെ വേറെയാരും മനസ്സിലാക്കുന്നില്ല. പുതിയവ വരുമ്പോള്‍ പഴയതിനെ ഉപേക്ഷിക്കും എന്ന സത്യം അയാള്‍ അംഗീകരിക്കുന്നു – നാടകം പറഞ്ഞു വെക്കുന്നു. ആരോടും പരാതിപ്പെടാതെ തന്റെ വ്യാകുലതകളും ആകുലതയും നെഞ്ചോടുചേര്‍ത്ത് അയാള്‍ ആ തറവാടിന്റെ പടിയിറങ്ങുന്നിടത്താണ് നാടകം അവസാനിക്കുന്നത്.

മുഖ്യ കഥാപാത്രമായ കോയസ്സന് സണ്ണി.കെ. മാടായിയും അപ്പുവിന് ആറാം തരത്തിലെ ആദിദേവും ശബ്ദം നൽകി. ഏഴാം തരത്തിലെ നവരാഗ്
ഗോപിയായി. അധ്യാപികമാരായ ഷൈലജ മൂലക്കൊവ്വൽ ( ശാരദ) എം.പി. റഹ്മാബി (ജാനകി)
അധ്യാപകരായ പി.പി.മോഹനൻ (മുത്തശ്ശൻ ) വിനോദ് കല്ലത്ത് ( രാഘവൻ നായർ ) എന്നിവരും കഥാപാത്രങ്ങൾക്ക്
ശബ്ദം നൽകി. രാകേഷ് കരിവെള്ളൂർ പ്രവീൺ കരിവെള്ളൂർ എന്നിവരുടെ താണ് സാങ്കേതിക സഹായം.
എഴുത്തുകാരനും കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസവിഭാഗം ഡയരക്ടറുമായിരുന്ന ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ ഉദ്യമത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.                                                                   കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.