പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

2021-07-12 15:33:54

    
    മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു.  കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി  പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ  സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി  ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

 പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍  ഒന്നാം തീയതിയാണ്  പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.

സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക്  അന്ത്യംകുറിച്ച്  2017 ജൂലൈ 3 ന് സുപ്രീം കോടതി  നിര്ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്  ഇദ്ദേഹത്തിന്റ ഭരണകാലത്താണ്. സുപ്രീം കോടതി വിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ശാശ്വത സമാധാനം സംജാതമാകണമെന്ന് പരിശുദ്ധ ബാവ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.  വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
ആര്‍ദ്രതയും ദീനാനുകമ്പയും ലാളിത്യവും പ്രകൃതി സ്‌നേഹവും പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ പകര്‍ന്നു. ആത്മീയ വെളിച്ചം പകരുന്ന അഞ്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

 തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദവും, കോട്ടയം സി.എം.എസ് കോളജില്‍ നിന്നും ബിരുദാനന്ത ബിരുദവും, കോട്ടയം പഴയ സെമിനാരിയില്‍ നിന്ന് വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ അദ്ദേഹം 1972 ല്‍ ശെമ്മാശനായി. 1973 ല്‍ വൈദികനായി. 1982 ഡിസംബര്‍ 28 ന് തിരുവല്ലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും1985 മെയ് 15 ന്  പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. 1985 ഓഗസ്റ്റ് 1 ന് കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര്‍ വീട്ടില്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ. ഐ. പോളാണ് പില്‍ക്കാലത്ത്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആയി ഉയര്‍ന്നത്. പരേതനായ ആയ കെ. ഐ തമ്പിയാണ് ഏകസഹോദരന്‍.

എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സഹ വികാരിയായും കോട്ടയം, തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററുകളില്‍ അസിസ്റ്റന്റ് വാര്‍ഡനായും സ്റ്റുഡന്‍സ് ചാപ്ലയിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭൗതികശരീരം 12 തിങ്കള്‍ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന്  ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക്  കൊണ്ടുപോകും. യാത്രാമധ്യേഅന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ ഗ്രിഗോറിയന്‍ ടിവി, എ.സി.വി ചാനല്‍ എന്നിവ തല്‍സമയം സംപ്രേഷണം ചെയ്യും. വിശ്വാസികള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. പരുമല സെമിനാരിയിലും കബറടക്കം നടക്കുന്ന  കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലും മാത്രമേ അന്തിമോപചാരമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പശ്ചാത്തലത്തില്‍  പുഷ്പചക്രങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍  വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക്   കബറടക്ക ശുശ്രൂഷ നടക്കും.സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഡ്വ. ബിജു ഉമ്മന്‍
അസ്സോസ്സിയേഷന്‍ സെക്രട്ടറി
മലങ്കര                                                                                                                                           12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.