ബ്ലാക്ക് ഫംഗസ്: കര്‍ണാടകയില്‍ മരിച്ചത് 303 പേര്‍; 34% മരണവും ബംഗലുരുവില്‍

2021-07-12 15:41:40

    
    ബംഗലൂരു: കോവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് (ക്യൂമോര്‍മൈകോസിസ്) രോഗം ബാധിച്ച് കര്‍ണാടകയില്‍ മാത്രം 303 പേര്‍ മരണമടഞ്ഞുവെന്ന് സര്‍ക്കാര്‍. ഇതില്‍ മൂന്നിലൊന്ന് കേസുകളും തലസ്ഥാന നഗരമായ ബംഗലൂരുവിലാണ്. ഇന്ത്യയില്‍ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. രോഗികളുടെ മുഖം, മൂക്ക്, കണ്ണുകള്‍ മുതല്‍ തലച്ചോറിനെ വരെ ബാധിക്കുന്നതാണ് ഈ രോഗം.

മരണമടഞ്ഞവരില്‍ 104 പേര്‍ ബംഗലൂരുവിലാണ്. 23 പേര്‍ കാലബുര്‍ഗിയിലും 20 പേര്‍ ദക്ഷിണ കന്നഡിയലും മരിച്ചു. ജൂലായ് 9 വരെയുള്ള കണക്കുകള്‍ പ്രകാരം 3419 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. 8.6% ആണ് മരണനിരക്ക്. കോവിഡ് മാത്രമല്ല ഉയര്‍ന്ന തോതിലുള്ള പ്രമേഹം, സ്റ്റീറോയ്ഡ് ഉപയോഗം, ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം എന്നിവ ബ്ലാക്ക് ഫംഗസിനെ കൂടുതല്‍ മാരകമാക്കുവെന്ന് വിദഗ്ധര്‍ പറയുന്നു.

ആന്റി ഫംഗസ് മരുന്നായ ലിപോസോമല്‍ ആംഫൊടെറിസിന്‍ ബി എന്ന മരുന്നിന്റെ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട മേയ്, ജൂണ്‍ മാസങ്ങളിലാണ് ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. മരുന്നിന് കടുത്ത ക്ഷാമം നേരിട്ടതോടെ 2-3 ദിവസങ്ങള്‍ കൂടുമ്പോള്‍ ഓരോ ഡോസ് മരുന്നാണ് നല്‍കാന്‍ കഴിഞ്ഞിരുന്നത്. പ്രതിദിനം 5-7 ഡോസ് നല്‍കേണ്ട സ്ഥാനത്താണിത്.

സ്റ്റീറോയ്ഡ് മരുന്നുകളുടെ അമിതോപയോഗവും രോഗം കൂടുതലായി കാണപ്പെടുന്നതിന് ഇടയാക്കി. ശ്വാസകോശത്തിലേക്കും പടരാന്‍ സാധ്യതയുള്ള ഈ രോഗം തുടക്കത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ മരണം സുനിശ്ചിതമാണെന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.           12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.