കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള; മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുവെന്ന് പോലും അറിയുന്നില്ല: സാബു എം. ജേക്കബ്

2021-07-12 16:09:53

    
    കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും വ്യവസായ വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബ്. വ്യവസായത്തിന് ഏകജാലകം നടപ്പാക്കിയെന്ന് പറയുന്ന വ്യവസായ വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയെ പോലെയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നു, മറ്റ്് രാജ്യങ്ങളില്‍ എന്തു നടക്കുന്നുവെന്നും എന്ത് സൗകര്യങ്ങള്‍ നല്‍കുന്നുവെന്നും സര്‍ക്കാരിനോ വ്യവസായ വകുപ്പിനോ ഉദ്യോഗസ്ഥര്‍ക്കോ ഒന്നും അറിയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെലങ്കാനയില്‍ വളരെ ഊഷ്മളമായ, രാജകീയ സ്വീകരണമാണ് അവിടുത്തെ വ്യവസാമന്ത്രിയും ഉദ്യോഗസ്ഥരും സര്‍ക്കാരും ഒരുക്കിയത്. ടെക്‌സ്‌റ്റൈല്‍സിന് വേണ്ടി മാത്രം മെഗാപാര്‍ക്ക് തെലങ്കാനയിലുണ്ട്. അതിനു പുറമേ പൊതുവായ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുണ്ട്. 1200 ഏക്കര്‍ വീതം വരുന്നതാണിത്. കേരളവുമായി നോക്കുമ്പോള്‍ ഭൂമി വില 10 ശതമാനമേ വരുന്നുള്ളു. റോഡ്, തടസ്സമില്ലാത്ത വൈദ്യുതി എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നു. തുറമുഖത്തേക്കുള്ള ദൂരവും ചെലവും കമ്പനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിയിച്ചപ്പോള്‍ അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കി

അവിടെ കണ്ടത് ഒരു മന്ത്രിയെ അല്ല. വളരെ പ്രൊഫഷണലായി പ്രാക്ടിക്കലായി സംസാരിക്കുന്ന സി.ഇ.ഒയെ ആണ്. കുടിവെള്ളത്തിനുള്ള ക്വാളിറ്റിയിലാണ് നിലവില്‍ മലിന ജലം പുറന്തള്ളുന്നത്. എന്നാല്‍ മാലിന്യം പുറത്തേക്ക് വിടുന്നുവെന്ന ആരോപണങ്ങളാണ് തങ്ങള്‍ നേരിടുന്നത്. ലോകത്തെ് സാങ്കേതിക വിദ്യകളില്‍ ഏറ്റവും ഉയര്‍ന്നതാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും ജനങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുത്തു. മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു.

കേരളത്തില്‍ തന്റെ സ്ഥാപനത്തില്‍ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡ് നടത്തിയെന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥനും ഒരു വ്യവസായത്തിലും കയറി അവിടെ കയറിയിറങ്ങില്ല എന്ന് മന്ത്രി വ്യക്തമാക്കി. രണ്ടോ മൂേന്നാ വര്‍ഷത്തിനുള്ളില്‍ ഒരു പരിശോധന നടത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയോ മന്ത്രിയുടേയോ അനുമതിയോടെയായിരിക്കും പരിശോധന. കമ്പനി ഉടമയെ മുന്‍കൂര്‍ അറിയിച്ച ശേഷമായിരിക്കുമത്. അപാകത കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. അല്ലാതെ അപകീര്‍ത്തിപ്പെടുത്താനോ സ്ഥാപനത്തിന് നഷ്ടമുണ്ടാക്കാനോ ശ്രമിക്കില്ല.

കേരളത്തില്‍ ഏകജാലകം നടപ്പാക്കിയെന്ന് കൊട്ടിഘോഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ 20 വര്‍ഷം മുന്‍പ് നടപ്പാക്കിയതാണ് ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പത്ത് വര്‍ഷത്തേക്ക് ഒരു ലൈസന്‍സാണ് അവിടെ വേണ്ടത്. വിവിധ ലൈസന്‍സുകള്‍ക്ക് പകരം ഒറ്റ ലൈസന്‍സുകള്‍. സര്‍ക്കാര്‍ നല്‍കുന്ന ഐ-പാസ് അല്ലെങ്കില്‍ ഇ-പാസ് മാത്രമാണ് ആവശ്യം. പത്ത് വര്‍ഷത്തിനു ശേഷം ലൈന്‍സ് പുതുക്കിയാല്‍ മതി.

മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വ്യവസായിക്ക് എത്ര കോടി രൂപ വേണമെങ്കിലും വളരെ കുറഞ്ഞ ചെലവില്‍ നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്. കുറഞ്ഞ നിരക്കില്‍ ഭൂമി, വൈദ്യുതി, വെള്ളം, സ്‌റ്റേറ്റ് ജിഎസ്.ടി പോലെ പല നികുതികള്‍ക്ക് പത്ത് വര്‍ഷം ഇളവ്, മുടക്ക് മുതലിന്റെ പലിശയില്‍ 8% റിബേറ്റ് ആയി തിരിച്ചുനല്‍കുന്നു. ഒരു ശതമാനം പലിശയ്ക്കാണ് വായ്പ ലഭിക്കുന്നത്. 1000 കോടി മുടക്കുന്ന വ്യവസായിക്ക് പത്ത് വര്‍ഷം കൊണ്ട് 250 കോടി തിരിച്ചുനല്‍കുന്നു.

തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും മധ്യപ്രദേശും എല്ലാം സമാനമായ പദ്ധതികളാണ് നല്‍കുന്നത്. 1000 കോടി മുടക്കിയാല്‍ മുടക്ക് മുതലിന്റെ 70-90 ശതമാനം വരെ 8 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കുന്നു.

3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുവെന്ന് പറയുമ്പോള്‍ അസെന്റില്‍ അത്തരമൊരു സമ്മതപത്രം നല്‍കിയെങ്കിലും അതുമായി മുന്നോട്ടുപോയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് തെറ്റാണെന്നും സാബു ജേക്കബ് പറഞ്ഞു.                                                                                                                          12/7/2021                                                                                                                                                            കൂടുതൽ വാർത്തകൾ വിശേഷങ്ങൾ  അറിയാൻ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.