പ്രകടനം വിലയിരുത്തും, ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവര്‍ക്ക് റവന്യൂ അവാര്‍ഡ് - മന്ത്രി അഡ്വ.കെ.രാജന്‍

2021-07-15 20:37:52

    ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്റു വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു അവാര്‍ഡുകള്‍ നല്‍കുമെന്ന് റവന്യു, ഭവന നിര്‍മാണവകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ പറഞ്ഞു.  ഇതിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ ലാന്റ് റവന്യു കമ്മീഷണറോട് റവന്യു സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് റവന്യൂ ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തിലാണ് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം. 100ദിന കർമ പരിപാടിയുടെ ഭാഗമായി ആഗസ്ത് മാസത്തില്‍ തന്നെ പട്ടയങ്ങള്‍ വിതരണം ചെയ്യും. ആവശ്യമായ രേഖകള്‍ ഉള്ള അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വേഗത്തില്‍ പട്ടയം ലഭ്യമാക്കുന്നതിനാണ് പ്രധാന പരിഗണന. എല്ലാ ഭൂമിയ്ക്കും രേഖ ഉറപ്പാക്കും. അനുവദിക്കാന്‍ കഴിയുന്ന മുഴുവന്‍ പട്ടയങ്ങളും വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സാധാരണക്കാര്‍ക്ക് മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കും.  അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 
ഭൂമിയുടെ രജിസ്‌ട്രേഷന്‍ മുതല്‍ ലൊക്കേഷന്‍ സ്‌കെച്ച് വരെയുള്ളവക്കായി റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ നിലവിലെ പോർട്ടലുകൾ, സാങ്കേതിക സംവിധാനങ്ങള്‍ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തയ്യാറാക്കും. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ഇ ഓഫീസുകള്‍ സംവിധാനത്തിലേക്ക് മാറും. കെട്ടിടത്തിനൊപ്പം ഇവിടങ്ങളിലെ സേവനങ്ങളും സ്മാര്‍ട്ടാകും. ഇതിന്റെ നടപടികള്‍ വിലയിരുത്താന്‍ രണ്ട് മാസത്തിലൊരിക്കല്‍ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരുടെയും ഓരോ മാസത്തിലും ജില്ലാ കളക്ടര്‍, സബ് കളക്ടർ ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുടെയും യോഗം റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരും. മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും ഒരു വര്‍ഷത്തിനകം ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു. 
റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഐ.എല്‍.ഡി.എമ്മുമായി ചേര്‍ന്ന് കാലാനുസൃതമായി പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംശയനിവാരണത്തിനും വിവരങ്ങള്‍ അറിയുന്നതിനുമായി ടോള്‍ ഫ്രീ നമ്പര്‍ തയ്യാറാക്കും. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു. 
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ,, എ.ഡി.എം എ.കെ.രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി.ആര്‍.മേഖശ്രീ, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ്, സര്‍വേ ഡെപ്യൂട്ടി ഡയരക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.രവികുമാര്‍, സിറോഷ്.പി.ജോണ്‍, വി.സൂര്യനാരായണന്‍, എ.സാജിദ്, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.                                                                                                                                                              15/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.