തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് ഒരുങ്ങുന്നു

2021-07-17 17:10:01

    
    കാസര്‍കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പുഴയുടെ അഴിമുഖം, തീരപ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉയോഗിച്ച് തയ്യാറാക്കുന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് മുന്നില്‍ ടൂറിസം പദ്ധതി അവതരിപ്പിച്ചു.

ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കച്ചവട കേന്ദ്രമായിരുന്ന തളങ്കരയുടെ ചരിത്രം പറയുന്ന ഉരുവിന്റേയും പ്രവേശന കവാടത്തിന്റെയും മാതൃകയിലുള്ള മെമ്മോറിയല്‍ ഗാര്‍ഡനും പഴയ ഹാര്‍ബറിന്റെ ഭാഗമായിരുന്ന പാലത്തിന്റെയും കെട്ടിടത്തിന്റെയും നവീകരണവുമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

ഇതോടൊപ്പം ജല വിനോദങ്ങളായ ബോട്ടിങ്, കയാക്കിങ് സൗകര്യങ്ങള്‍, കിയോസ്‌കുകള്‍, പവലിയന്‍, മൈതാനം, നടപ്പാത, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ചന്ദ്രഗിരി കോട്ടയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ജലപാതയിലൂടെ കാസര്‍കോട് നഗരത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം കുറക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ വലിയൊരു പ്രത്യേകത.

നിലവിലുള്ള ജൈവ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് തീരദേശ, പൈതൃക, പരിസ്ഥിതി ടൂറിസം സാധ്യതയാണ് ഇവിടെ ഉയോഗിക്കുക. ബേക്കലിന് ശേഷം ജില്ലയില്‍ നിര്‍മ്മിച്ച ഏകദേശം 380 വര്‍ഷം പഴക്കം കണക്കാക്കുന്ന ചന്ദ്രഗിരി കോട്ട, കേരളത്തിലെ രണ്ടാമത്തെ മുസ്ലീം പള്ളിയായ മാലിക് ദീനാര്‍ പള്ളി തുടങ്ങിയ ചന്ദ്രഗിരി പുഴയുടെ തീരത്തെ പൈതൃക കേന്ദ്രങ്ങളും തീരത്തിന്റെ സൗന്ദര്യവും കണ്ടല്‍ക്കാടിന്റെ ഹരിതാഭയും സഞ്ചാരികളെ ആകര്‍ഷിക്കും.

സമീപത്തെ റോഡിന്റെ വശങ്ങളില്‍ പ്രാദേശിക രുചിഭേദങ്ങളുടെ വിപണനത്തിനായി സ്റ്റാളുകള്‍ ഒരുക്കും. തളങ്കരയിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. തളങ്കര തൊപ്പി, കാസര്‍കോടന്‍ സാരി പോലുള്ള കാസര്‍കോടിന്റെ തനിമയാര്‍ന്ന ഉത്പന്നങ്ങളുടെ വിപണന സാധ്യത കണക്കാക്കി പവലിയന്‍ ഒരുക്കും.

യോഗത്തില്‍ മന്ത്രിയെ കൂടാതെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, എല്‍ .ആര്‍ ഡപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍, ബി.ആര്‍.ഡി.സി അസിസ്റ്റന്റ് മാനേജര്‍ പി.സുനില്‍, ലിജു കെ വി എന്നിവര്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് സി.വി നന്ദു പ്രൊജക്ട് അവതരിപ്പിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.