കർക്കിടകത്തിൽ ഇത്രയും ചെയ്യാൻ തയ്യാറായാൽ ആരോഗ്യം സുരക്ഷിതം: അഷ്‌ട വൈദ്യൻ പുലാമന്തോൾ മൂസ്സ്

2021-07-17 17:37:51

    
    പ്രാർത്ഥനയ‌്ക്കും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകം. പ്രകൃതിയുടെ മാറ്റങ്ങളെ ഉൾക്കൊനുള്ള കരുത്ത് ശരീരത്തിനും മനസിനും ലഭിക്കുന്നതിനായി കൃത്യമായ നിഷ്ഠകൾ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. ആ ആചാര്യപരമ്പരയിലെ പ്രമുഖനാണ് അഷ്‌ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മുസ്സ്. എന്താണ് ശരിയായ ആരോഗ്യമെന്നും, ആയുർവേദത്തിലൂടെ എങ്ങിനെയാണ് ആരോഗ്യം നിലനിറുത്താൻ കഴിയുകയെന്നും ശ്രീ ശങ്കരൻ മുസ്സ് വ്യക്തമാക്കുന്നു.ആരാണ് അഷ്ടവൈദ്യന്മാർ ?അഷ്ടവൈദ്യന്മാർ എന്നാൽ എട്ടു പേർ എന്നല്ല. പലർക്കും അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്. പതിനെട്ട് വൈദ്യ ഗ്രഹങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. ഇന്നിപ്പോൾ അവരിൽ ആറ് പേർ മാത്രമേ നിലനിൽക്കുന്നുള്ളൂ. ആയുർവേദ ശാസ്ത്രത്തിലെ അഷ്ട അംഗങ്ങായ കായ, ബാല, ഗ്രഹ, ഊർദ്വ, ശല്യ, ദംഷ്ട്ര, ജര, വൃഷാൻ എന്നിവയെ ചികിത്സിക്കാൻ അറിയുന്നവനാണ് അഷ്ട വൈദ്യൻ.അഷ്ട വൈദ്യന്മാരിൽ തന്നെ മുസ്സ് നാമധേയം വരുന്നവർ നിരവധിയാണല്ലോ?വൈദ്യഗൃഹത്തിൽ മൂത്ത വൈദ്യൻ എന്നാണ് അതിനർത്ഥം. മൂത്തത് ലോപിച്ച് മുസ്സ് ആയതാണ്.മറ്റു ചികിത്സാ ശാഖകളിൽ നിന്ന് ആയുർവേദത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ശരീര പ്രവർത്തനങ്ങൾക്ക് വിഘാതമാകാതെ പഥ്യാനുഷ്ഠാനത്തോടു കൂടി ശാരീരികാവയവങ്ങൾക്ക് ഉത്തേജനം നൽകുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് ആയുർവേദം. പാർശ്വഫലങ്ങൾ ഉള്ള മരുന്നുകൾ ആയുർവേദത്തിലുമുണ്ട്. ചിലത് ശരീരത്തിന് ദോഷം ചെയ്യും. എന്നിരുന്നാൽ തന്നെയും ജീവഹാനി സംഭവിക്കുന്ന തരത്തിൽ ദോഷമുള്ളതായി ഒന്നുമില്ല.പഥ്യം, വ്യായാമം, ഭക്ഷണരീതി, ഔഷധസേവ എന്നിവ കൊണ്ട് വ്യത്യസ്തമാണ് ആയുർവേദം. മാറാരോഗങ്ങളെക്കുറിച്ച് ആയുർവേദത്തിലും പറയുന്നുണ്ട്. മുഴുവനായി ശമനമില്ലങ്കിലും അവയെ നിയന്ത്രിച്ച് നിറുത്താൻ ആയുർവേദത്തിന് കഴിയും. എക്സ് റേയോ സ്കാനിംഗോ ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ലക്ഷണങ്ങൾ കണ്ട് രോഗം നിർണയിച്ചിരുന്നു. കാര്യത്തെയല്ല കാരണത്തെയാണ് ആയുർവേദം ചികിത്സിക്കുന്നത്.പുതിയ കാലഘട്ടത്തിൽ കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് മനുഷ്യനെ തേടി എത്തുന്നത്. ആയുർവേദം ഇവിടെ പരാജയപ്പെടുന്നുണ്ടോ?ആയുർവേദത്തിൻ്റെ പരാജയമല്ലത്. ജനജീവിതത്തിന് വേഗത കൈവന്നപ്പോഴുണ്ടായ മാറ്റം മാത്രമാണ്. ആയുർവേദ വിധി പ്രകാരം രോഗം പൂർണമായി മാറുന്നതിന് സമയം ആവശ്യമാണ്. ഒരു കാലഘട്ടത്തിൽ വലിയൊരു ച്യുതിയിൽ പെട്ടുപോയെങ്കിലും ആയുർവേദം തിരികെ വരികയാണ്. പക്ഷേ, ആയുർവേദം പഠിച്ചിട്ട് അലോപ്പതിയെ സപ്പോർട്ട് ചെയ്യുന്ന ഒരു സിസ്റ്റം ഇവിടെ വളർന്നു വരുന്നുണ്ട്. അത് ഏറെ സങ്കടം നൽകുന്ന കാര്യമാണ്. അങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്.കർക്കിടകത്തിൽ ആരോഗ്യ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി വരുന്നതിന് കാരണം?പ്രകൃതിയിൽ ചൂടും തണുപ്പും ഇടകലർന്നുവരുന്ന മാസമാണ് കർക്കിടകം. ഈ മാറ്റത്തെ ഉൾക്കൊള്ളാൻ മനുഷ്യ ശരീരത്തിന് എളുപ്പം സാധിക്കില്ല. ശരീരത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളായ ത്രിദോഷങ്ങൾക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലിനനുസരിച്ച് രോഗാവസ്ഥ വരാം. ഇതിനെ ഇല്ലാതാക്കാനാണ് കർക്കിടക മാസത്തിൽ ചികിത്സ നൽകുന്നത് . ത്രിദോഷഫലങ്ങളെ ക്രമീകരിക്കാൻ കഴിയുന്നതു കൊണ്ടു തന്നെയാണ് കർക്കിടക ചികിത്സയ്ക്ക് പ്രാധാന്യമേറിയത്. ചെറിയ രോഗമായാലും വലിയ രോഗമായാലും ശമനമുണ്ടാകും.
ഇക്കാലയളവിൽ ജീവിതശൈലിയിൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങൾ?
ഭക്ഷണ ക്രമീകരണമാണ് കർക്കിടകത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ചികിത്സ അതു കഴിഞ്ഞേ വരുന്നുള്ളൂ. താളും തകരയും കഞ്ഞിയുമാണ് ഈ ഒരു മാസക്കാലത്തെ ഏറ്റവും നല്ല ഭക്ഷണം. എന്നാൽ ഇന്ന് താളും തകരയുമെവിടെ? അതു കൊണ്ട് ഏറ്റവും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം മാത്രം കഴിക്കുക, ഒപ്പം വ്യായാമവും. മാംസവും മത്സ്യവും ഒഴിവാക്കുക. പച്ചക്കറി വർഗത്തിൽ മുരിങ്ങയില, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ് ചേമ്പ് എന്നിവയും വർജിക്കണം. സ്വാദിനല്ല ആരോഗ്യത്തിനാണ് കർക്കിടകത്തിൽ പ്രാധാന്യം.ആയുർവേദത്തിൽ കൊറോണയ്ക്ക് പരിഹാരമുണ്ടോ?പനി അഥവാ ജ്വരത്തിൻ്റ ലക്ഷണങ്ങളോടുകൂടിയാണല്ലോ കൊറോണ വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ജീവഹാനി സംഭവിപ്പിക്കുന്ന ജ്വരത്തെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വിഷമജ്വരം എന്നാണ് ഇത് അറിയപ്പെടുന്നത്. വിഷമജ്വരത്തിൻ്റെ ലക്ഷണങ്ങൾ തന്നെയാണ് കൊവിഡ് ബാധിച്ച ആളിലും കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ പ്രാപ്തിയുള്ള ഔഷധങ്ങൾ ആയുർവേദത്തിലുണ്ട്.ആയുർവേദത്തിലൂടെ എങ്ങിനെയാണ് ആരോഗ്യം നിലനിറുത്താൻ കഴിയുക?
നിത്യനിധാനത്തിൽ വരുന്ന ജീവിതചര്യയെ കൃത്യമായി പാലിച്ചു വരുന്നയാൾക്ക് ഔഷദ സേവയുടെ പിൻബലം കൂടിയാകുമ്പോൾ രോഗത്തെ അകറ്റി നിറുത്താൻ കഴിയും. നാം എങ്ങിനെ ജീവിക്കണം എന്ന് കൃത്യമായി ആയുർവേദത്തിൽ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ കൂടിയും ആയുർവേദത്തിൻ്റെ ചട്ടപ്രകാരം ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഒരു പരിധിവരെ അതു പാലിച്ചു പോവുകയാണെങ്കിൽ രോഗങ്ങളില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയും.എന്താണ് ശരിയായ ആരോഗ്യം?
രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം. വളരെ ബലമോ, മസിലുകളോ ഉണ്ടായാൽ ആരോഗ്യമുണ്ടെന്ന് അർത്ഥമില്ല. വേദനിപ്പിക്കുന്നതെന്നും രോഗമാണ്. ഈ രോഗാവസ്ഥയെ തടഞ്ഞു നിറുത്തി ശരീരത്തിൻ്റെ ചലനാത്മകതയെ നിലനിറുത്തി കൊണ്ടു പോകുന്നതാണ് ശരിയായ ജീവിതരീതി.                                                                                                                                                                               17/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് 
https://chat.whatsapp.com/EtDmMPYFsDf4IUKB4u3KrO

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.