*'ലോക്ക് ഡൗണിനെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത് ഞങ്ങളുടെ അഞ്ച് സഹോദരങ്ങളെയാണ്. ' ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ . *

2021-07-24 18:02:48

    
    ആലുവ: 'ലോക്ക് ഡൗണിനെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത് ഞങ്ങളുടെ അഞ്ച് സഹോദരങ്ങളെയാണ്. കൊവിഡ് തുടങ്ങിയ അന്ന് മുതൽ ആരംഭിച്ച ദുരിതമാണ്. അഞ്ച് പൈസയുടെ വരുമാനമില്ല, ക്ഷേമനിധിയോ ആനുകൂല്യങ്ങളോ ഒന്നുമില്ല. കിടപ്പാടം പണയപ്പെടുത്തി ആരംഭിച്ച സ്ഥാപനങ്ങൾ ജപ്തിയുടെ വക്കിലാണ്. സർക്കാർ കണ്ണുതുറന്നില്ലെങ്കിലും ഇനിയും പലരും ജീവിതമവസാനിപ്പിക്കും' ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാലിന്റെ വാക്കുകളാണിത്.
ലൈറ്റ് ആന്റ് സൗണ്ട്, പന്തൽ അനുബന്ധ മേഖലകളിലായി സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേർ പണിയെടുക്കുന്നുണ്ട്. ജില്ലയിൽ മാത്രം 20,000ത്തോളം പേരുണ്ട്. ക്ഷേമനിധി ആരംഭിക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളാക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളാകാമെന്ന് നിയമാവലിയിൽ ഭേദഗതി വരുത്തിയാൽ മതി. അതിന് പോലും സർക്കാർ തയ്യാറാകുന്നില്ല. കൊവിഡിനെ തുടർന്നുണ്ടായ കടക്കെണിയിൽ നിർമ്മൽ ചന്ദ്രൻ തിരുവനന്തപുരം, മനോജ് ആലപ്പുഴ, പൊന്നുമണി പാലക്കാട്, ജംഷാദ്, ശ്രീകുമാർ എന്നിവരാണ് ജീവനൊടുക്കിയത്. ഇനിയും മരണം ആവർത്തിക്കാതിരിക്കാനാണ് സർക്കാരിനോട് കണ്ണ് തുറക്കാൻ ആവശ്യപ്പെടുന്നതെന്നും വേണുഗോപാൽ പറയുന്നു.
സംഘടനയുടെ നേതൃത്വത്തിൽ ജൂലായ് 26 മുതൽ ആഗസ്റ്റ് 31 വരെ എറണാകുളം മേനക ജംഗ്ഷനിൽ റിലേ ഉപവാസം സംഘടിപ്പിക്കും. 26ന് രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് റഹിം കുഴിപ്പുറം ഉദ്ഘാടനം ചെയ്യും.കൊവിഡ് മാനദണ്ഡം പാലിച്ച് 100 പേർക്ക് പങ്കെടുക്കാവുന്ന പൊതുപരിപാടികൾക്ക് അനുമതി നൽകുക, ബാങ്കുകളിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുക, കടബാധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ക്ഷേമനിധി അനുവദിക്കുക, ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കുക.
റിലേ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലുവയിൽ സംഘടിപ്പിച്ച യോഗം വേറിട്ടതായി. ലോക്ക് ഡൗണിനെ തുടർന്ന് ഉപയോഗിക്കാതെ ഇരുന്ന 50തിലേറെ സ്പീക്കർ ബോക്സുകൾ ഉപയോഗിച്ച് പ്രതീകാത്മക മതിൽ നിർമ്മിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷത വഹിച്ചു.                                                                                                                                                                   24/7/2021                                                                                                                                                            കൂടുതല്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍  അറിയാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/Newskeralaonlin/
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്                                                                                                                                      https://chat.whatsapp.com/Jz7plvYWUBEGRxf7CwOyBE

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.