ഏകോപിത നവകേരളം കർമ്മപദ്ധതി 2 രൂപീകരിക്കും

2021-07-29 17:43:08

    
    നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധി 2  രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ  വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനർനാമകരണം ചെയ്യും. നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കർമ്മപദ്ധതിയുടെ  രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.  88 തസ്തികകൾ മൂന്നു വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കും.
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും
2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും.  തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ - കൊല്ലം, വീണാജോർജ്ജ് - പത്തനംതിട്ട, സജി ചെറിയാൻ - ആലപ്പുഴ, വി.എൻ വാസവൻ - കോട്ടയം, റോഷി അഗസ്റ്റിൻ - ഇടുക്കി, പി. രാജീവ് - എറണാകുളം, കെ. രാജൻ - തൃശ്ശൂർ, കെ. കൃഷ്ണൻകുട്ടി - പാലക്കാട്, വി. അബ്ദുറഹിമാൻ - മലപ്പുറം, എ.കെ ശശീന്ദ്രൻ - കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് - വയനാട്, എം.വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂർ, അഹമ്മദ് ദേവർകോവിൽ - കാസർഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ
മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും.
ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിന്റെ സർക്കാർ ഗ്യാരൻറി പരിധി 51.50 കോടി രൂപയിൽ 100 കോടി രൂപയായി ഉയർത്താൻ തീരുമാനിച്ചു.
കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിന് ആവശ്യമായ പരുത്തി, വിളപ്പെടുപ്പ് കാലത്ത് വലിയതോതിൽ വാങ്ങുന്നതിന് കണ്ണൂരിലെ കനറാ ബാങ്ക് എസ് എംഇ ബ്രാഞ്ചിൽ നിന്നും 2 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് സർക്കാർ ഗ്യാരൻറി ലഭ്യമാക്കാൻ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് കെയുആർഡിഎഫ്‌സിയിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
ബേക്കൽ റിസോർട്ട്‌സ് ഡവലപ്‌മെന്റ്  കോർപ്പറേഷൻ ലിമിറ്റഡ്, കേരള ടൂറിസം ഇൻഫ്രാസ്‌ട്രെക്ച്ചർ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരുന്നതിന് പി.എസ്.സി റൂൾസിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച് കരട് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനിച്ചു.
സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു
സർക്കാർ പ്ലീഡർമാരുടെ നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്‌പെഷ്യൽ ഗവ. പ്ലീഡർ 20, സീനിയർ ഗവ. പ്ലീഡർ 53, പ്ലീഡർമാർ 52 എന്നിങ്ങനെയാണിത്.                                                                                      ----------------------------------------------
തീയ്യതി 29/07/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.