ഇരട്ട സഹോദരങ്ങളായ യുവാക്കൾ മരിച്ച നിലയിൽ; ജപ്തി ഭീഷണിയെന്ന് ആരോപണം
2021-08-02 15:19:03

കോട്ടയം: കടുവാക്കുളത്തിനു സമീപം ഇരട്ട സഹോദരങ്ങളായ യുവാക്കൾ മരിച്ചനിലയിൽ. കടുവാക്കുളം കൊച്ചുപറന്പിൽ നിസാർ ഖാൻ (33), നസീർ ഖാൻ എന്നിവരെയാണ് ഇന്നു രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടകത്തിനു സമീപത്തു താമസിച്ചിരുന്ന ഇവർ മൂന്നു വർഷം മുന്പാണ് ഇവിടെ താമസത്തിനെത്തിയത്. ഇവരെ കൂടാതെ അമ്മയാണ് വീട്ടിലുള്ളത്. അമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയിൽ ചെന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഇതോടെ അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഒാടിക്കൂടി അടുത്ത മുറിയിൽ നോക്കിയപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ ക്രയിൻ സർവീസിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ക്രയിൻ സർവീസ് ഉടമ മരിച്ചതോടെ ജോലി നഷ്ടമായിരുന്നു.
അടുത്ത കാലത്തു കൂലിപ്പണിയും മറ്റുമായി ജീവിക്കുകയായിരുന്നു. എന്നാൽ, രണ്ടാഴ്ചയായി ഇവർ അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. ഇവർക്കു ബാങ്കിൽ കടബാധ്യത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അധികൃതർ വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.
ലോക്ക്ഡൗൺ കാലത്തു പണി കുറഞ്ഞതിനാൽ ഇവർ കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലായിരുന്നത്രേ. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനിടെയാണ് ബാങ്ക് അധികൃതർ ലോൺ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു ഇവരുടെ വീട്ടിലെത്തിയിരുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. രണ്ടു യുവാക്കളുടെ അപ്രതീക്ഷിത മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. തീയ്യതി 02/08/2021
ജോബ് വാർത്തകൾ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.