കൊളുത്തില്‍ 916 ബാക്കി എല്ലാം തിരൂര്‍ പൊന്ന് തട്ടിയത് 2.72 കോടി ഉദുമ ഐ ഒ ബി ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പിന്റെ ചുരുളഴിയുന്നു

2021-08-03 13:58:51

    
    കാസര്‍കോട് : ബാങ്കില്‍ പണയം വയ്ക്കാനായി കൊണ്ടുവന്നത് പുത്തന്‍ മാലകള്‍, ഒറ്റ നോട്ടത്തില്‍ സ്വര്‍ണം തന്നെ. ഉരച്ചു നോക്കിയപ്പോഴും 916. സംശയമൊന്നും തോന്നാതെ ബാങ്ക് അധികൃതര്‍ വായ്പയായി 2.72 കോടി രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍നിന്നാണ് സ്വര്‍ണ വായ്പയുടെ പേരില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണയപ്പെടുത്തിയ ആഭരണങ്ങളില്‍ ഏറെയും നെക്ലേസ് വിഭാഗത്തിലുള്ളതായിരുന്നു.

മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാര്‍ഥ സ്വര്‍ണം തന്നെ വയ്ക്കുകയും ബാക്കി ഭാഗത്ത് മുക്കുപണ്ടവും ചേര്‍ത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ‘തിരൂര്‍ പൊന്ന്’ എന്നു പറയുന്ന ചെമ്പില്‍ സ്വര്‍ണംപൂശിയ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ബാങ്ക് മാനേജര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ബാങ്ക് മാനേജര്‍ റിജുവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഇവര്‍ ബാങ്കില്‍ മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. മേല്‍പ്പറമ്പ് അരമങ്ങാനം സുനൈബ് വില്ലയില്‍ കെ.എം.മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം സുഹൈര്‍ ആണ് 3 തവണ സ്വര്‍ണം പണയപ്പെടുത്തിയത്. പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ് തുടര്‍ന്നു.

ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തു. പണയപ്പെടുത്തിയവര്‍ ഏറെ വിശ്വാസമുള്ള ആളുകളായതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയില്ലെന്നു പരാതിയില്‍ പറയുന്നു. ഓഡിറ്റിങ് സമയത്ത് സ്വര്‍ണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മുഴുവന്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.

ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാശം ബേക്കല്‍ സിഐ പി.രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഉദുമ ശാഖയിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബാങ്ക് ജീവനക്കാര്‍.

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് 6 വരെയാണ് സുഹൈറിനെ റിമാന്‍ഡ് ചെയ്തത്. ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈര്‍, ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസുല്ല എന്നിവരാണ് കേസിലെ പ്രതികള്‍.

സുഹൈറും കൂട്ടാളികളും ചേര്‍ന്നു 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള 9 മാസക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടങ്ങള്‍, ചെമ്പില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍, ബാങ്കില്‍ പണയപ്പെടുത്തിയതിന്റെ രസീതുകള്‍ തുടങ്ങിയവ കണ്ടെടുത്തു. സുഹൈല്‍ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.                           

തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.