കേന്ദ്ര സംഘം കൺടൈൻമെന്റ് സോണുകളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി

2021-08-03 17:17:06

    
    കാസർഗോഡ്:ജില്ലയിലെത്തിയ കോവിഡ്-19 കേന്ദ്ര സംഘം ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തിയും കൺടൈൻമെന്റ് സോണുകളിലെത്തി രോഗികളുമായി നേരിട്ട് സംസാരിച്ചും സാഹചര്യങ്ങൾ വിലയിരുത്തി. കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് കേസുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ,  വാക്‌സിനേഷൻ, ഓക്സിജൻ ബെഡുകൾ, വെന്റിലേറ്റർ അടക്കം ആശുപത്രികളിലെ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഹോം ഐസൊലേഷനിൽ കഴിയേണ്ട രോഗികളെ സൂക്ഷ്മമായി മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന് സംഘം നിർദേശിച്ചു. ജില്ലയിലെ ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറച്ചു കൊണ്ടുവരണം.

കൂടുതൽ പേർ വീട്ടിൽ കഴിയുമ്പോൾ കൂടുതൽ പേർക്ക് രോഗം പകരാനിടയുണ്ട്. ഹോം ഐസൊലേഷനിൽ കഴിയുന്ന ഹൈ റിസ്ക് കോൺടാക്ട് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ഹോം ഐസൊലേഷനിൽ കഴിയുന്നവർ കർശനമായ റൂം ക്വാറൻടൈൻ പാലിക്കണമെന്നും സംഘം നിർദേശിച്ചു. കോവിഡ് രോഗി രോഗബാധിതനാവുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ രോഗം പരത്താൻ തുടങ്ങുന്നതിനാൽ കോൺടാക്ട് ട്രേസിങ് ആ രീതിയിൽ കൂടി നടത്തണമെന്ന് സംഘം നിർദേശിച്ചു.

കാഞ്ഞങ്ങാട് നാഷണൽ ഹെൽത്ത്‌ മിഷൻ ഓഫീസിൽ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കേന്ദ്ര സംഘവുമായി ചർച്ച നടത്തി.’ നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. വി. രാംദാസ്, ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. എ. ടി. മനോജ്‌, കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ. ഡാൽമിറ്റ നിയ ജെയിംസ്, മറ്റു നോഡൽ ഓഫീസർമാരായ ഡോ. അനു എലിസബത്ത് അഗസ്റ്റിൻ, ഡോ. മാത്യു ജെ വാളംപറമ്പിൽ, ഡോ. പ്രസാദ് തോമസ്, ഡോ. സുശോഭ് കുമാർ എന്നിവർ കേന്ദ്രസംഘവുമായി സംസാരിച്ചു. തുടർന്ന് ചീഫ് സെക്രട്ടറിയെ ഓൺലൈനായി തങ്ങളുടെ നിഗമനങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് അജാനൂർ പഞ്ചായത്തിലെ കൺടൈൻമെന്റ് സോണായ ഒൻപതാം വാർഡിലെയും പുല്ലൂർ-പെരിയ പഞ്ചായത്തിലെ കൺടൈൻമെന്റ് സോണായ പന്ത്രണ്ടാം വാർഡിലെയും കോവിഡ് രോഗികളുമായും കുടുംബങ്ങളുമായും സംഘം നേരിട്ട് സംസാരിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.                        

തീയ്യതി 03/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.