ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി സഹജീവനം

2021-08-04 17:03:38

    
    കാസർഗോഡ്: ലോക്ഡൗണിൽ ഒറ്റപ്പെട്ട ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി ജില്ലയിൽ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർവ്വഹിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി.കെ ഷീബ മുംതാസ് അധ്യക്ഷയായി. ജില്ലാതലത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നാഷണൽ ട്രസ്റ്റ് ആക്ട് ലോക്കൽ ലെവൽ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ.

തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും ബ്ലോക്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. സൈക്കോ സോഷ്യൽ കൗൺസലിംഗ്, അടിയന്തിര ചികിത്സാ സഹായധനം, ഓൺലൈൻ തെറാപ്പി, വിനോദ പരിപാടികൾ, സാമൂഹ്യ വിദ്യാഭ്യാസ പരിപാടികൾ, സർക്കാരിന്റെ വിവിധ പദ്ധതികൾ ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും.

അക്കര ഫൗണ്ടേഷൻ, നവജീവന ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകളും ഈ പ്രവർത്തനത്തിൽ സജീവമായ പങ്കുവഹിക്കുന്നുണ്ട്. സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, ബിആർസികൾ എന്നിവിടങ്ങളിലെ അധ്യാപകർ ഉൾപ്പെടെ പ്രത്യേക പരിശീലന ലഭിച്ചവരാണ് സഹായ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുക. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളിൽ നിന്ന് ഭിന്നശേഷിക്കാരായ ആളുകളെ ഫോൺ മുഖേന ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. ബ്ലോക്ക് തല കേന്ദ്രങ്ങളിലേക്ക് ഭിന്നശേഷിക്കാർക്ക് ഫോൺ മുഖേന ബന്ധപ്പെടാം.

കോവിഡ് രോഗവ്യാപനംമൂലം ഭിന്നശേഷി വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, തെറാപ്പി സെന്ററുകൾ എന്നിവ അടഞ്ഞുകിടക്കുന്നതും കൂടാതെ സാധാരണ ഗതിയിൽ ലഭിച്ചിരുന്ന വിവിധ തെറാപ്പികളും പരിശീലനങ്ങളും ലഭിക്കാത്തതും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നു. ഇതിനൊരു പരിഹാരമാണ് സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം.

സാമൂഹിക നീതി വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് കന്നഡയിൽ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഹരിദാസൻ, ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസർ കവിതാ റാണി രഞ്ജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ , എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണ, അക്കര ഫൗണ്ടെഷൻ മാനേജർ യാസിർ, നവജീവന ട്രസ്റ്റ് മാനേജർ ഫാദർ ജോസ് ചെമ്പോട്ടിക്കൽ എന്നിവർ സംസാരിച്ചു. എൽ എൽ സി കൺവീനർ ബീന സുകു സ്വാഗതവും ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു നന്ദിയും പറഞ്ഞു.                                                           

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.