കുരുതിയുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി ,ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും തീക്ഷണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളിലൊന്നാണ്​ കുരുതിയെന്ന്​ പൃഥ്വിരാജ്​;

2021-08-04 17:13:00

    
    പൃഥ്വിരാജ് നായകനാകുന്ന ക്രൈം ത്രില്ലര്‍ ചിത്രം കുരുതിയുടെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ആഗസ്റ്റ് 11-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിക്കുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് മനു വാര്യര്‍ ആണ്. അനീഷ് പള്ള്യലി​േന്‍റതാണ്​ തിരക്കഥ. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമ്മുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്‌ലെന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്‍റെ ജീവിതത്തിലേക്കാണ് ട്രെയിലര്‍ വെളിച്ചം വീശുന്നത്. ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്‍റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരിക്കുകളോടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അഭയം ചോദിച്ചെത്തുന്നു. അവരെ പിന്തുടര്‍ന്ന് പ്രതികാരവാഞ്ചയോടെ ശക്തനായ ഒരു ശത്രു അയാളുടെ വീട്ടിലെത്തുമ്പോള്‍ തന്‍റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങള്‍ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

ഓണത്തോട് അനുബന്ധിച്ച് കുരുതിയിലൂടെ പ്രേക്ഷകര്‍ക്ക് മികച്ച വിരുന്നൊരുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടറും കോണ്ടന്‍റ്​ ഹെഡുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. കൊല്ലാനുള്ള ശപഥവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയുമാണ് കുരുതിയുടെ ഇതിവൃത്തമെന്നും സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അതിന്‍റെയൊരു അംശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും തീക്ഷണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളില്‍ ഒന്നാണ് കുരുതി. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ആകര്‍ഷണീയമായ കഥയും തുടര്‍ച്ചയായ ത്രില്ലുകളുമുള്ള ഈ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും പ്രിഥി പറഞ്ഞു.

തന്‍റെ ആദ്യ മലയാള ചിത്രമെന്ന നിലയ്ക്ക് കുരുതിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വളരെ പ്രോത്സാഹനജനകമാണെന്ന് സംവിധായകന്‍ മനു വാര്യര്‍ പറഞ്ഞു.

പ്രണയം, വെറുപ്പ്, പക, സംരക്ഷണം എന്നിവയ്ക്ക് പുറമേ ശരിയോ തെറ്റോ എന്ന ചോദ്യവും ഇവയാണ് കുരുതി പ്രതിപാദിക്കുന്നതെന്ന് നടന്‍ റോഷന്‍ മാത്യു പറഞ്ഞു. ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കുരുതി.

മികച്ച പല സിനിമകളുടെയും ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കുരുതി അതിലൊന്നാണെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഓരോ കഥാപാത്രത്തിന്‍റെയും രചനയിലുള്ള മികവും അവര്‍ ഈ ചിത്രത്തിന്‍റെ വളരെ സങ്കീര്‍ണമായ ഇതിവൃത്തത്തിന് എങ്ങനെ മാറ്റുകൂട്ടുന്നുവെന്നതുമാണ് ഈ ചിത്രത്തിന്‍റെ ആകര്‍ഷണമെന്ന് നടന്‍ മുരളി ഗോപി പറഞ്ഞു.                                                                                                                                                                                       

തീയ്യതി 04/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.