കൊതുകുകള്‍ കാരണം ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരു ഗ്രാമം, കന്നുകാലികള്‍ക്കും രക്ഷയില്ല!
2021-08-12 17:41:48

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് അഡഗുരു. ഏകദേശം 400 വീടുകളുള്ള ആ ഗ്രാമത്തിലെ ജനങ്ങള്‍ ഇന്ന് ഒരു വലിയ പ്രശ്നത്തെ നേരിടുകയാണ്. അവരുടെ ആവശ്യം ഇത്രമാത്രമാണ്: രാത്രി കാലങ്ങളില്‍ അവര്‍ക്ക് സമാധാനമായി ഒന്നുറങ്ങണം. കള്ളന്മാരോ, സാമൂഹ്യവിരുദ്ധരോ ഒന്നുമല്ല അവരുടെ പ്രശ്‌നം, പകരം കൊതുകുകളാണ്. കേള്‍ക്കുമ്ബോള്‍ നിസ്സാരമായി തോന്നുമെങ്കിലും, ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്താന്‍ അവയ്ക്ക് സാധിക്കുന്നു എന്നതാണ് സത്യം. "ഒരു രാത്രി ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടി ഞങ്ങള്‍ നടത്തിയിട്ടുള്ള പ്രതിഷേധങ്ങള്‍ എത്രയാണെന്നോ? അവിടത്തെ ഒരു നിവാസിയായ രാജേഗൗഡ പറയുന്നു.
ഏകദേശം അഞ്ച് വര്‍ഷമായി അഡഗുരു നിവാസികള്‍ക്ക് ഉറക്കമില്ലാതായിട്ട്. ഈ ഗ്രാമത്തിലെ മനുഷ്യര്‍ മാത്രമല്ല, എല്ലാ ജീവികളുടെയും ജീവിതം കൊതുകുകള്‍ ദുരിതപൂര്‍ണമാക്കി. ഇരുപത്തിനാലു മണിക്കൂറും ഈ ഗ്രാമത്തില്‍ കൊതുകുകളുടെ മൂളിപ്പാട്ടാണ്. രക്തദാഹികളായ ഈ ചെറുപ്രാണികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്നുകാലി ഷെഡില്‍ പോലും കൊതുകുവലയും ഫാനുകളും കാണാം. ഇതിന്റെ മൂലകാരണം 100 ഏക്കര്‍ വരുന്ന ഒരു തടാകമാണ്.
ഹാസന്‍ ജില്ലയിലെ എല്ലാ തടാകങ്ങള്‍ക്കും വര്‍ഷം മുഴുവനും നല്ല ജലവിതരണം ഉറപ്പാക്കാന്‍ ഹേമാവതി നദിക്ക് കുറുകെ നിരവധി ചാനലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണമായ ചന്നരായപട്ടണത്തിലെ അഴുക്കുചാലുകളില്‍ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം ചാനലിലൂടെ അഡഗുരു തടാകത്തിലേക്ക് ഒഴുകുന്നു. വെള്ളം വളരെ വൃത്തിഹീനമായതിനാല്‍ ആളുകളോ കന്നുകാലികളോ തടാകത്തിനരികിലൂടെ കടന്നുപോകാന്‍ പോലും മടിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന തടാകം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്.
"എന്റെ കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഈ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്, വേറെ എവിടെ പോകും? കൊതുകുവലകള്‍, ഫാനുകള്‍, റിപ്പല്ലന്റുകള്‍ എന്നിവയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ഏക ആശ്രയം. മൃഗങ്ങള്‍ പോലും ഈ കൊതുകുകടി കൊണ്ട് ബുദ്ധിമുട്ടുന്നു. അതുകാരണം ഞങ്ങള്‍ക്ക് പകുതി കന്നുകാലികളെ വില്‍ക്കേണ്ടി വന്നു. ഞങ്ങള്‍ നിസ്സഹായരും ഉറക്കമില്ലാത്തവരുമാണ്" അഡഗുരു നിവാസിയായ മഞ്ജുളമ്മ പറയുന്നു.
കൊതുകിനെ തുരത്താന്‍ തങ്ങള്‍ ഇനി സമീപിക്കാത്ത ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരുമില്ല എന്നവര്‍ പറയുന്നു. സാധാരണ ആളുകള്‍ നല്ല റോഡുകള്‍ക്കോ വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടി പോരാടുമ്ബോള്‍, ഇവിടത്തുകാര്‍ സമാധാനമായി ഒന്നുറങ്ങാന്‍ വേണ്ടിയാണ് സമരം ചെയ്യുന്നത്. അത് മാത്രവുമല്ല, ഇവിടേയ്ക്ക് ഇപ്പോള്‍ ആരും വരാറില്ലെന്നും അവര്‍ വിഷമത്തോടെ പറയുന്നു. "കൊതുകിനെ ഭയന്ന് ഞങ്ങളുടെ ബന്ധുക്കളാരും ഞങ്ങളെ സന്ദര്‍ശിക്കാറില്ല. ആരെങ്കിലും വന്നാലും, അവര്‍ കുറച്ച് മിനിറ്റ് ഇരുന്നു, അപ്പോള്‍ തന്നെ സ്ഥലം വിടും. രോഗങ്ങളെ ഭയന്ന് കുട്ടികളെ കൊണ്ടുവരാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. അതാണ് ഞങ്ങളുടെ ദയനീയ അവസ്ഥ. ചില ദിവസം അതിഥികള്‍ ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ തീരുമാനിച്ചെങ്കിലും അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് ഉടന്‍ പുറപ്പെട്ട സന്ദര്‍ഭങ്ങളുണ്ട്. ഇത് അപമാനകരമാണ്, പക്ഷേ ഞങ്ങള്‍ നിസ്സഹായരാണ്" അഡഗുരുവിലെ മുതിര്‍ന്ന താമസക്കാരനായ രാജേഗൗഡ പറയുന്നു. തീയ്യതി 12/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.