ജയരാജ്‌ ഫാൻസിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഫാന്‍സും; ലക്ഷ്യം പ്രതിച്ഛായ വീണ്ടെടുക്കല്‍

2021-08-23 15:59:00

    
    കോഴിക്കോട് | മുസ്‌ലിം ലീഗിന്റെ താഴെ തട്ട് മുതല്‍ 'കുഞ്ഞാലിക്കുട്ടി ഫാന്‍സ്' രൂപവത്കരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ശാഖാ തലം മുതല്‍ ഒരു വിഭാഗം പ്രവര്‍ത്തകരെ സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അടുത്ത കാലത്തായി രാഷ്ട്രീയ എതിരാളികളില്‍ നിന്നും പാര്‍ട്ടിക്കകത്ത് നിന്നും കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച്‌ വലിയ തോതിലുള്ള നീക്കങ്ങളുണ്ടാകുന്നുണ്ട്. മുഈനലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശം കുഞ്ഞാലിക്കുട്ടിക്ക് വലിയ പരുക്കാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃയോഗത്തില്‍ പോലും അദ്ദേഹം ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ഇത് തിരിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളുടെയും ആശീര്‍വാദത്തോടെയാണ് യുവ അനുകൂലികളെ വാര്‍ത്തെടുക്കാനുള്ള ശ്രമം.
മുഈനലി തങ്ങളുടെ വിമര്‍ശത്തോടെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ യുവ തലമുറക്ക് അതൃപ്തിയുണ്ടായെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായെന്ന വിമര്‍ശം യുവാക്കളില്‍ വരെ വലിയ തോതില്‍ പ്രചരിച്ചു. ഇനിയുള്ള കാലം കുഞ്ഞാലിക്കുട്ടിയെ ആശ്രയിച്ചുള്ള പാര്‍ട്ടിയല്ല ലീഗെന്ന വിലയിരുത്തല്‍ പാര്‍ട്ടിയുടെ വിവിധ തട്ടുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശാഖാ തലം മുതല്‍ 'കുഞ്ഞാലിക്കുട്ടി ഫാന്‍സ്' രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നത്.
ഇതിനായി പാര്‍ട്ടിയില്‍ പ്രത്യേക വിഭാഗം തന്നെ അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വാട്‌സ്‌ആപ്പ് കൂട്ടായ്മ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് നീക്കം.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശാഖാ തലം മുതല്‍ നിലവില്‍ കാര്യമായ യോഗങ്ങളൊന്നും നടക്കുന്നില്ല. ജില്ലാ കമ്മിറ്റി യോഗങ്ങളോ സംസ്ഥാന പ്രവര്‍ത്തക സമിതിയോ ഇതുവരെയും ചേരാനായിട്ടില്ല. സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്താല്‍ അതില്‍ വിമര്‍ശം ഉന്നയിക്കാനായി ഒരു വിഭാഗം നേതാക്കളുണ്ടാകുമെന്ന തിരിച്ചറിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വൈകുന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ അസുഖമായിരുന്നു ഇതുവരെ ചില നേതാക്കള്‍ യോഗം നടക്കാത്തതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയിട്ടുണ്ട്.                                                                                                                         തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.