ചോർച്ചയും അപകടാവസ്ഥയും; പ്ലാസ്റ്റിക്കിൽ മൂടിപ്പൊതിഞ്ഞ് വോർക്കാടി കെ എസ് ഇ ബി ഓഫീസ്

2021-08-25 12:48:45

    
    വൊർക്കാടി : കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം അപകടഭീഷണിയിൽ. 40 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് വൊർക്കാടി വൈദ്യുതിസെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. ധർമനഗറിലുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലത്ത് വൊർക്കാടി പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചത്. 2003-ൽ വൊർക്കാടിയിൽ വൈദ്യുതിസെക്ഷൻ വിഭാഗം അനുവദിച്ചെങ്കിലും സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. അന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്ന ഈ കെട്ടിടം സെക്ഷൻ ഓഫീസിനുവേണ്ടി പഞ്ചായത്ത് അനുവദിക്കുകയായിരുന്നു. നാല് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ മുകൾഭാഗം കാലപ്പഴക്കത്താൽ ദ്രവിച്ചുതുടങ്ങി.

മേൽഭാഗത്തെ പലകകൾ അടർന്നും ഓടുകൾ ഇളകിയും തീർത്തും അപകടാവസ്ഥയിലായിരിക്കുന്ന കെട്ടിടം മഴ പെയ്യാൻ തുടങ്ങിയാൽ ചോർന്നൊലിക്കുകയാണ്. ചോർച്ച ഒഴിവാക്കാൻ ജീവനക്കാർ പ്ലാസ്റ്റിക് ഷീറ്റിട്ടിരിക്കുകയാണ്. കാലപ്പഴക്കത്താൽ ശൗചാലയവും മറ്റും ശോചനീയമായ അവസ്ഥയിലുമാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ജീവനക്കാർക്കും ഇവിടെ ആവശ്യവുമായെത്തുന്നവർക്കും ഒരുപോലെ ദുരിതമാകുന്നു.വാടക വാങ്ങാതെ സൗജന്യമായാണ് കെട്ടിടം അനുവദിച്ചിരിക്കുന്നത്. വാടക ഈടാക്കാത്തത്തതിനാൽ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കാൻ കെ.എസ്.ഇ.ബി.ക്കും പരിമിതിയുണ്ടെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും ജീവനക്കാരുടെ പ്രയാസങ്ങളും ഉൾപ്പെടുത്തി കെ.എസ്.ഇ.ബി. അധികൃതർ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. കെട്ടിടത്തിന് മുകളിൽ ഷീറ്റിടാൻവേണ്ടി ചെലവാകുന്ന തുകയുടെ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചിരിക്കുകയാണ്. അതേസമയം ധർമനഗറിന് സമീപം കെ.എസ്.ഇ.ബി.ക്ക് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് പഞ്ചായത്ത് 15 സെന്റ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എല്ലാ സഹായവും നൽകും


കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് നിർമിക്കുന്നതിന് എല്ലാവിധ സഹായവും പഞ്ചായത്ത് നൽകും. നിലവിൽ 15 സെന്റ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 33 കെ.വി. സബ് സ്റ്റേഷൻ നിർമിക്കാനുള്ള ആലോചനകൾ കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആവശ്യമായ 50 സെന്റ് അനുവദിക്കാൻ പഞ്ചായത്ത് ഒരുക്കമാണ്.- ഭാരതി സുള്ള്യമേ, പ്രസിഡന്റ്, വൊർക്കാടി ഗ്രാമപ്പഞ്ചായത്ത്

ഉയർന്ന വാടക പ്രശ്നം

കർണാടക അതിർത്തിയായ വൊർക്കാടി കേന്ദ്രമായി 33 കെ.വി. സബ് സ്റ്റേഷൻ തുടങ്ങാനുള്ള ആലോചനയിലാണ് കെ.എസ്.ഇ.ബി. സ്ഥലലഭ്യതയാണ് പ്രധാന പ്രശ്നം. സെക്ഷൻ ഓഫീസിനുവേണ്ടി വാടകക്കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും വാടകനിരക്ക് പ്രധാന തടസ്സമാകുന്നു. സ്വകാര്യ കെട്ടിടഉടമകൾ പറയുന്ന നിരക്ക് അംഗീകരിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിയില്ല. പഞ്ചായത്ത് സ്ഥലം അനുവദിക്കുകയാണെങ്കിൽ 33 സബ് സ്റ്റേഷൻ നിർമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.- പി.പി. നന്ദകുമാർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, ഉപ്പളതീരുമാനം വൈകരുത്

കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന് അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കാനുള്ള തീരുമാനം വൈകരുത്. 33 കെ.വി. സബ്സ്റ്റേഷൻ യാഥാർഥ്യമായാൽ നാടിന് ഗുണമാകും. ഇക്കാര്യങ്ങളിൽ സർക്കാർ നടപടികളിലെ മെല്ലെപ്പോക്ക് ഒഴിവാക്കണം. തീരുമാനങ്ങൾ ഉടൻ നടപ്പാക്കാനാവണം.- ഹർഷദ് വൊർക്കാടി, പൊതുപ്രവർത്തകൻ

സുരക്ഷിതത്വം ഉറപ്പാക്കണം


കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണം. ജീവനക്കാർക്കും വിവിധ ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവർക്കും ആശ്വാസമാകും വിധം അടിസ്ഥാനസൗകര്യമൊരുക്കി കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം.- സലാം വൊർക്കാടി, നാട്ടുകാരൻ                                                                                                                                                        തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.