സർക്കാർ നടത്തുന്നത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ- മുഖ്യമന്ത്രി * നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾക്ക് തുടക്കമായി

2021-08-27 12:01:30

    
    പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പദ്വ്യവസ്ഥ നിലനിർത്തുന്നതിനായി പ്രയത്‌നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവർക്കായി പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതൽ തന്നെ നോർക്കാ റൂട്ട്‌സിൽ കോവിഡ് റെസ്‌പോൺസ് സെൽ ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകൾ വലിയൊരളവോളം പരിഹരിക്കാനായി. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട്, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധ പുലർത്തി. 16 രാജ്യങ്ങളിൽ കോവിഡ് ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചു. പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുമായി ബന്ധപ്പെടുന്നതിനു ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
ലോക്ഡൗൺ മൂലം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നവർക്ക് അടിയന്തര ധനസഹായമായി അയ്യായിരം രൂപ വീതം അനുവദിച്ചു. അതു വലിയ തുകയല്ലെങ്കിലും സർക്കാരിന്റെ കരുതലിന്റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിലധികം പേർക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചു. പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ പ്രവാസികൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചു.
പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിയ്ക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ഇതിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴിൽ സംരംഭകത്വ പദ്ധതികൾക്കാണ് തുടക്കമാകുന്നത്. നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- പേൾ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസി ഭദ്രത- മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്‌പെഷ്യൽ അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയാണവ.
അവിദഗ്ദ്ധ തൊഴിൽമേഖലകളിൽ നിന്നു ള്ളവരും കുറഞ്ഞ വരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത-നാനോ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഇതിനായി 30 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
കേരളാ ബാങ്ക് ഉൾപ്പെടെയുളള വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപാ വരെ വായ്പ ലഭിക്കും. മാത്രമല്ല, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ഉണ്ടാകും. പദ്ധതിവിഹിതമായി 10 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.  
കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപാ മുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ പലിശ സബ്‌സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പക ളിൽ ഗുണഭോക്താക്കൾ അഞ്ച് ശതമാനം മാത്രം നൽകിയാൽ മതിയാകും. ഗുണഭോക്താക്കൾക്കുളള പലിശ സബ്‌സിഡി ത്രൈ മാസക്കാലയളവിൽ നോർക്കാ റൂട്ട്‌സ് വഴി വിതരണം ചെയ്യും. ഒൻപത് കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്.
ഈ പദ്ധതികൾ ശരിയാംവിധം ഉപയോഗപ്പെടുത്താൻ പ്രവാസി സുഹൃത്തുക്കൾ തയ്യാറാവണം. സംശയങ്ങൾ തീർക്കാനും പദ്ധതിയിൽ ചേരുന്നതിനു പിന്തുണ ഒരുക്കാനും നോർക്കാ റൂട്ട്‌സ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ ഒന്നാംഘട്ടത്തിൽ നാം നേരിട്ട പ്രതിസന്ധി പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുക എന്നതായിരുന്നുവെങ്കിൽ, ഇപ്പോൾ അവരെ തിരികെ തൊഴിലിടങ്ങളിലേയ്ക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.
വൈറസിന്റെ തീവ്രത കുറയുകയും ലോകം സാധാരണ നിലയിലേക്ക് തിരികെവരുന്നുവെന്ന പ്രതീതി ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ്, വിദേശത്തുണ്ടായിരുന്ന പ്രവാസികളിൽ പലരും അവധിക്കും മറ്റുമായി നാട്ടിലെത്തിയത്. ഈ ഘട്ടത്തിലാണ് രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചത്. ഇതോടെ ലോകരാജ്യങ്ങൾ പലതും വിമാനസർവ്വീസ് നിർത്തിവെച്ചു. അതോടെ നാട്ടിലെത്തിയ പലർക്കും യഥാസമയം തിരിച്ചു പോകാൻ സാധിക്കാത്ത നിലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പ്രവാസികളെ മുൻഗണനാ വിഭാഗമാക്കി വാക്‌സിനേഷൻ നൽകുന്നുണ്ടെങ്കിലും കോവാക്‌സിനെ പല രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശത്ത് ക്വാറന്റൈൻ ഒഴിവാക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്നാണ് അറിയുന്നത്. ഇവയെല്ലാം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകളാണ് അനിവാര്യം. അതിനായി കേരളം കേന്ദ്രസർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിലെ സാധാരണക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതികൾക്കാണ് തുടക്കമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം,  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറി. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.                                     തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.