കാസര്‍കോട് സെമി ഹൈസ്പീഡ് റെയിലിന് ജില്ലയില്‍ ഏറ്റെടുക്കുക 110 ഹെക്ടര്‍ ഭൂമി
2021-08-27 16:20:06

മലപ്പുറം: തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയിലിന് റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാണിച്ചാല്‍ ജില്ലയില്‍ ഏറ്റെടുക്കുക 110 ഹെക്ടര്‍ ഭൂമി.
സംസ്ഥാനത്ത് ആകെ 955 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി കേന്ദ്ര റെയില്‍വേ മന്ത്രി കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കെ-റെയില്‍) ഉദ്യോഗസ്ഥരുമായി അടുത്ത ആഴ്ച യോഗം ചേരും. പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ 15 വില്ലേജുകളില്‍ 522 പ്രദേശങ്ങളില്‍ നിന്നാവും ഭൂമിയേറ്റെടുക്കുക. ഇതില്‍ 397 പ്രദേശങ്ങളും തിരൂര്‍, പൊന്നാനി താലൂക്കുകളിലാണ്. ഭൂമിയേറ്റെടുക്കുന്നതിനായി ജില്ലയില്‍ സ്പെഷല്‍ തഹസില്‍ദാറെയും സഹായിക്കുന്നതിനായി 18 ഉദ്യോഗസ്ഥരെ റവന്യൂ, സര്‍വേ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഡെപ്യൂട്ടേഷനിലും വൈകാതെ നിയമിക്കും.
സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തഹസില്‍ദാര്‍മാരുടെ കുറവാണ് വെല്ലുവിളിയാവുന്നത്. പുതിയ പ്രമോഷന് നടന്നാലേ സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ നിയമനം നടക്കൂ. ഇതു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കെ.റെയില്‍ അധികൃതര്‍ അയച്ചു കൊടുത്തിട്ടുണ്ട്. സ്പെഷല്‍ തഹസില്‍ദാര്‍ നിയമനങ്ങള്‍ക്ക് ശേഷമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമിടാനാവൂ എന്നാണ് കളക്ടര്‍ അറിയിച്ചത്.
വരും വഴി
തൃശൂരില്‍ നിന്ന് ജില്ലാ അതിര്‍ത്തിയായ ആലങ്കോട് വില്ലേജിലൂടെയാണ് മലപ്പുറത്തേക്ക് റെയില്‍പാത എത്തുക.
ദേശീയപാതയ്ക്ക് സമാന്തരമായി എടപ്പാള്‍ കണ്ടനകം വരെയും ഇവിടെ നിന്ന് ദേശീയപാത മുറിച്ചുകടന്ന് തവനൂര്‍ ബ്രഹ്മക്ഷേത്രത്തിന് സമീപത്ത് നിന്ന് ഭാരതപുഴയിലൂടെ തിരുന്നാവായയിലെത്തും. ഇവിടെ നിന്ന് സൗത്ത് പുല്ലാറില് വച്ച് നിലവിലുള്ള റെയില്‍വേ പാതയ്ക്ക് സമാന്തരമായി കാസര്‍കോട് വരെയെത്തും.
നാല് മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തും വിധത്തിലാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
എത്ര ഭൂമിയേറ്റെടുക്കണമെന്ന വിവരങ്ങള്‍ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വൈകാതെ തഹസില്‍ദാര്‍മാരുടെ പ്രമോഷനും നടക്കും. ഇതിനുശേഷം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമാവും.
അലക്സാണ്ടര്‍, എല്‍.എ അസിസ്റ്റന്റ് , കെ -റെയില്‍ തീയ്യതി 27/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.