പഞ്ചസാരയെക്കാള്‍ മധുരിക്കുന്ന,മധുര തുളസി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കാസര്‍കോട്

2021-08-27 16:21:01

    
    പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരിക്കുന്ന മധുര തുളസി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കാസര്‍കോട് ജില്ലയിലെ മുളിയാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍.
ജില്ലയില്‍ ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി ചെയ്യുന്നത്. മുളിയാര്‍ കുടുബശ്രീ സി ഡി എസ് നേതൃത്വത്തില്‍ കഴിഞ്ഞ ജൂണിലാണ് മധുര തുളസി കൃഷി ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ കര്‍ഷകയായ ഖൈറുന്നീസയുടെ സ്ഥലത്ത് 500 തൈകളാണ് നട്ട് പരിപാലിക്കുന്നത്.
സി.സി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേല്‍നോട്ടത്തില്‍ ഖൈറുന്നീസ, റസിയ, സൗദ, നബീസ എന്നിവരാണ് കൃഷിയുടെ പരിപാലനം നടത്തുന്നത്. കൃഷി വിജയം കണ്ടതോടെ മുളിയാര്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലേക്കും മധുര തുളസി കൃഷി വ്യാപിപ്പിക്കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വി.പ്രേമാവതി പറഞ്ഞു. സാധാരണ ഗതിയില്‍ വേരില്‍ നിന്നാണ് മധുരതുളസി തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ മധുര തുളസിത്തണ്ടെടുത്ത് സ്റ്റെം ഹോര്‍മോണ്‍ ഉപയോഗിച്ച്‌ കൂടുതല്‍ അത്യുല്‍പാദന ശേഷിയുള്ള മധുര തുളസി തൈകള്‍ വളര്‍ത്തിയെടുക്കുകയാണ് ഈ വനിതാ കൂട്ടായ്മ.
മധുരം അല്‍പം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണം സവിശേഷമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ മുളിയാറില്‍ ആരംഭിച്ച മധുര തുളസി കൃഷി ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്.
മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ സി.എച്ച്‌ ഇഖ്ബാല്‍, പ്രകാശന്‍ പാലയി എന്നിവരുടെ നിര്‍ദേശങ്ങളും സഹായസഹകരണങ്ങളും മധുരതുളസി കൃഷിയുടെ വിജയത്തിന് പിന്നിലുണ്ട്.                   തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.