കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചത്: മന്ത്രി വീണാ ജോർജ് ബ്രേക്ക് ത്രൂ ഇൻഫക്ഷൻ പഠനം നടത്തിയ ഏക സംസ്ഥാനം കേരളം സ്വയം പ്രതിരോധം ഏറെ പ്രധാനം

2021-08-28 17:05:44

    
    കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്സിനേഷൻ, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയിൽ രോഗനിർണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസിൽ ഒരെണ്ണം വീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെയർത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ൽ ഒന്നാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേർ ആദ്യഡോസ് വാക്സിനെടുത്തു. 25.51 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കെല്ലാം വാക്സിൻ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ഐ.സി.എം.ആർ. നടത്തിയ സെറോ സർവയലൻസ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകൾക്ക് മാത്രമേ രോഗം വന്നോ വാക്സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു. ഇനിയും രോഗം വരാനുള്ളവർ 50 ശതമാനത്തിലധികമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇനി പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മരണം കൃത്യമായി ജില്ലാതലത്തിൽ തന്നെ ഓരോ ദിവസവും പ്രഖ്യാപിക്കുന്നുണ്ട്. ഇതിന് പ്രത്യേക സൈറ്റും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന നെഗറ്റീവായാൽ പലപ്പോഴും ആർടിപിസിആറും ചെയ്യാറുണ്ട്. ഒരു രോഗിയെപോലും കണ്ടെത്താതെ പോകരുതെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധത്തിന് പ്രാധാന്യം നൽകണം. ഒത്തുചേരലുകൾ കഴിവതും ഒഴിവാക്കണം. ബന്ധുവീടുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കണം. കുട്ടികൾക്ക് വാക്സിൻ ലഭ്യമായിട്ടില്ലാത്തതിനാൽ അവരെ കൂടുതൽ ശ്രദ്ധിക്കണം. കുട്ടികളുമായി പുറത്തുപോകുന്നതും ബന്ധുവീടുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. വ്യാപനം തടയുന്നതിനായി വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി.
മെയ് 12ന് 43,529 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംസ്ഥാനത്തെ ഉയർന്ന കോവിഡ് കേസ്. 2020ൽ ഓണത്തിന് മുമ്പ് ആഗസ്റ്റിൽ 1500ഓളം രോഗികളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാൽ ഓണത്തിന് ശേഷം സെപ്റ്റംബറോടെ ഇത് മൂന്നിരട്ടിയായി വർധിച്ചു. ഒക്ടോബറിൽ ഏഴിരട്ടിയായി വർധിച്ച് 12,000 ൽ അധികം രോഗികളുണ്ടായി. ഇത്തവണയും ഈ ജാഗ്രതനിർദേശം ആരോഗ്യവകുപ്പ് നൽകിയിരുന്നു. ഇനിയും ശ്രദ്ധിച്ചാൽ രോഗ വ്യാപനം തടയാനാകും.
ബ്രേക്ക് ത്രൂ ഇൻഫക്ഷൻ സംബന്ധിച്ച് പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ജില്ലാതലത്തിൽ ലഭ്യമാകുന്ന മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയാണ് കേരളം ഇത്തരം പഠനങ്ങൾ നടത്തുന്നത്.
ഐസിയു, വെന്റിലേറ്റർ കിടക്കകളിൽ രോഗികൾ വളരെ കുറവാണ്. ഐസിയുവിൽ 2131 എണ്ണത്തിലും വെന്റിലേറ്ററിൽ 757 എണ്ണത്തിലും മാത്രമാണ് രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലെ ഐസിയുകളിൽ 43 ശതമാനവും വെന്റിലേറ്ററുകളിൽ 75 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിസിസികളിൽ 82 ശതമാനം കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്. 720 കേന്ദ്രങ്ങളിലായി 33,394 കിടക്കളാണ് ഡിസികളിലുള്ളത്. അതിൽ 6013 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. സിഎഫ്എൽടിസികളിൽ 66ഉം സിഎസ്എൽടിസികളിൽ 54ഉം ശതമാനം കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. സൗകര്യമില്ലാത്തവർ കഴിവതും ഡിസിസികളിലേക്ക് മാറണം. പരിശോധന ഫലം വരുന്നതുവരെ ഒറ്റയ്ക്ക് കഴിയണം. നിലവിലുള്ള രോഗവർധന സംബന്ധിച്ച് അവലോകനം നടത്തും.
സംസ്ഥാനത്ത് മരണനിരക്ക് 0.5 ശതമാനത്തിനടുത്താണ്. ദേശീയ ശരാശരിയുടെ ഇരട്ടി ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. നഗര ഗ്രാമ വ്യത്യാസം ഇക്കാര്യത്തിലില്ല. എന്നിട്ടും മരണനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു.
കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാര്യത്തിൽ സർക്കാരിന്റെ നയങ്ങൾക്ക് മാറ്റമില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ അതിനുള്ള നടപടിയും ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.                                                                                                                               തീയ്യതി 28/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.