അരക്കോടിയുടെ മൈതാനം നിർമിക്കാനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി സ്ഥലത്തെച്ചൊല്ലി വൈകുന്നു: രാഷ്ട്രീയക്കളിയിൽ മൈതാനം ചട്ടഞ്ചാലിന് നഷ്ടപ്പെടുമോ?

2021-08-31 13:40:04

    
    ചട്ടഞ്ചാൽ: ജില്ലാപഞ്ചായത്ത് പ്രഖ്യാപിച്ച കൃത്രിമ പുൽമൈതാന പദ്ധതി ഒടുവിൽ വിവാദത്തിൽ കുരുങ്ങി ചട്ടഞ്ചാലിന് നഷ്ടപ്പെടുമോ? പദ്ധതിക്ക് ഉചിതമായ സ്ഥലം ലഭ്യമാക്കുന്നതിൽ ചെമ്മനാട് പഞ്ചായത്തിന് വീഴ്ചയുണ്ടായതായി ഒരുവിഭാഗം ആരോപിക്കുന്നു. ഭൂമി വിട്ടുനൽകാൻ തയ്യാറായിട്ടും രാഷ്ട്രീയവിരോധംമൂലം മൈതാനം മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പറയുന്നു. വിവാദത്തിന് രാഷ്ട്രീയമാനംകൂടി കൈവന്നതോടെ പദ്ധതി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കായികപ്രേമികൾ.

കേന്ദ്രധനകാര്യ കമ്മിഷന്റെ ഗ്രാൻഡ് ഫണ്ട് സഹായത്തോടെ എല്ലാ സൗകര്യങ്ങളോടെ ജില്ലയിൽ അടുത്ത അഞ്ചുവർഷത്തിനകം 10 കൃത്രിമ പുൽമൈതാനം നിർമിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം. നടപ്പുവർഷത്തെ ബജറ്റിലായിരുന്നു പ്രഖ്യാപനം. 50 ലക്ഷം രൂപയാണ് ഓരോന്നിനും ചെലവ് കണക്കാക്കുന്നത്.


വർഷംതോറും രണ്ടെണ്ണം പൂർത്തിയാക്കി കൈമാറുകയാണ് ലക്ഷ്യം. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ മടിക്കൈ ഡിവിഷനിലും വൈസ് പ്രസിഡൻറിന്റെ ചെങ്കള ഡിവിഷനിലുമാണ് ആദ്യ രണ്ട് മൈതാനം പണിയാൻ തീരുമാനിച്ചത്.

മടിക്കൈയിലെ പദ്ധതിക്ക് സ്ഥലം കണ്ടെത്തി തുടർനടപടികളുമായി മുന്നോട്ടുപോയപ്പോൾ ചെങ്കള ഡിവിഷനിൽ ഉചിതമായ സ്ഥലത്തെച്ചൊല്ലി തർക്കം മുറുകുന്ന സ്ഥിതിയാണിപ്പോൾ.


തന്റെ ഡിവിഷന് ലഭിച്ച കൃത്രിമ പുൽമൈതാനത്തിനായി ചട്ടഞ്ചാൽ-ദേളി റോഡരികിൽ ബെണ്ടിച്ചാൽ മൊട്ടയിലെ ലൈഫ്മിഷൻ ഭവനസമുച്ചയത്തിന് വടക്കുഭാഗത്തെ പഞ്ചായത്തുസ്ഥലം വിട്ടുനൽകണമെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനാവാസ് പാദൂർ ആവശ്യപ്പെട്ടു. എന്നാൽ, അവിടെ മറ്റുപദ്ധതികൾ ആലോചിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മറുപടി നൽകിയത്. പഞ്ചായത്ത് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.         തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.