നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും

2021-09-11 16:55:17

    
    മറ്റ് ജില്ലകളിലുള്ളവർ നിപ സമ്പർക്കപ്പട്ടികയിലുള്ളതിനാൽ   ജില്ലകളിൽ നിപ സമ്പർക്കങ്ങളുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കും.  റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കർശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കുകയും ആരോഗ്യ പ്രവർത്തകർ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. സൈക്കോ സോഷ്യൽ പിന്തുണ ആവശ്യമുള്ളവർക്ക്  കൗൺസലിംഗ് നൽകും.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് സർവയലൻസും ഫീവർ സർവയലൻസും നടക്കുന്നു. വവ്വാലുകളുടേയും വവ്വാൽ കടിച്ച പഴങ്ങളുടേയും ശേഖരിച്ച സാമ്പിളുകൾ ഭോപാൽ പരിശോധന കേന്ദ്രത്തിലേക്ക് അയയ്ക്കും. ചത്ത വവ്വാലുകളെ കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിച്ചു വരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള കണ്ടൈൻമെൻറ് സോണിന്റെ പരിധിയിൽ വരുന്ന എല്ലാ വാർഡുകളിലും ഹൗസ് ടു ഹൗസ് സർവേ നടത്തി. 15,000 ത്തോളം വീടുകളിലായി 68,000ത്തോളം ആളുകളിലാണ് സർവേ നടത്തിയത്. അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങൾ എന്നിവ ഈ പ്രദേശങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ കൂടിയാണ് ഹൗസ് ടു ഹൗസ് സർവേ നടത്തിയത്. സർവേയിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൃഹ സന്ദർശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങൾ ഉള്ളതും റൂം ക്വാറന്റീനിൽ കഴിയുന്നതുമായ ആളുകൾക്ക് സൗകര്യപ്രദമാകും വിധം കോവിഡ്/നിപ ടെസ്റ്റുകൾ നടത്തുന്നതിനു  നാലു മൊബൈൽ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.  
നിപ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള ഇ ഹെൽത്ത് കമ്മ്യൂണിക്കബിൾ ഡിസീസസ് മാനേജ്‌മെൻറ് സോഫ്റ്റ് വെയർ സജ്ജമാക്കി. ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നവർക്കും കോണ്ടാക്ട് ട്രെയ്‌സിംഗ് നടത്തുന്നവർക്കും ഫീൽഡുതല സർവേയ്ക്ക് പോകുന്നവർക്കും വിവരങ്ങൾ അപ്പപ്പോൾ സോഫ്റ്റ്‌വെയറിൽ ചേർക്കാം. മൊബൈൽ വഴിയും ഡേറ്റ എൻട്രി നടത്താം. ഡിപ്പാർട്ട്‌മെൻറ് ഓഫ് ഇൻഫർമേഷൻ ആന്റ് ടെക്‌നോളജിയാണ് ഇത് രൂപകൽപ്പന ചെയ്തത്. ഭാവിയിൽ എല്ലാ സാംക്രമിക രോഗങ്ങളുടെ വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.                                                      തീയ്യതി 11/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.