വരുന്നു,​ ജില്ലയില്‍ 20 വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ കൂടി

2021-09-13 17:07:36

    
    തിരുവനന്തപുരം: യാത്രക്കിടയില്‍ വിശ്രമിക്കാന്‍ വേണ്ടി ജില്ലയില്‍ 20 വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ (ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങള്‍)​ കൂടി നിര്‍മ്മിക്കും. ജില്ലയുടെ പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള 14 വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ തുറന്ന് നല്‍കിയിരുന്നു. ഇടത് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

 അഞ്ചെണ്ണം ദേശീയപാതയില്‍

നിലവിലെ വഴിയോര വിശ്രമ കേന്ദ്രങ്ങളെല്ലാം വിജയമായതോടെയാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനിയും 20 പുതിയ കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന് ശുചിത്വ മിഷന്‍ അധികൃതര്‍ അറിയിച്ചു. ഇവയില്‍ അഞ്ചെണ്ണം തിരക്കേറിയ ദേശീയപാതയ്‌ക്ക് അരികിലായിരിക്കും. ആറ്റിങ്ങലില്‍ മൂന്നെണ്ണം സ്ഥാപിക്കും. എം.സി റോഡിലെ വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മറ്റ് പലയിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ജില്ലയിലുള്ള 14 എണ്ണത്തില്‍ ഏഴെണ്ണം പ്രീമിയം സൗകര്യങ്ങളോട് കൂടിയതാണ്. ഇവിടങ്ങളില്‍ റെസ്‌റ്റ് റൂം,​ കഫറ്റേരിയ,​ ക്ഷീണം അകറ്റാനുള്ള മറ്റ് സൗകര്യങ്ങള്‍ എല്ലാം തന്നെയുണ്ട്. പ്രീമിയം വിഭാഗത്തിലെ നാല്‍പതോളം വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മാണത്തിലാണ്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി,​ കൊല്ലയില്‍,​ കള്ളിക്കാട്,​ പൂവാര്‍,​ പെരിങ്കടവിള,​ കോട്ടുകാല്‍,​ പനവൂര്‍,​ മലയിന്‍കീഴ്,​ കരുംകുളം,​ വെങ്ങാനൂര്‍,​ വെമ്ബായം,​ ഒറ്റശേഖരമംഗലം എന്നിവിടങ്ങളിലാണ് പുതിയ വിശ്രമ കേന്ദ്രങ്ങള്‍ വരുന്നത്. ജില്ലയിലാകെ 115 പദ്ധതികളിലായി 16.8 കോടിയുടെ പദ്ധതികളാണ് നടത്തിപ്പുകാരായ കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്.

ടേക്ക് എ ബ്രേക്ക്

 പഞ്ചായത്തുകളില്‍ രണ്ടിടത്തും നഗരസഭകളില്‍ അഞ്ച് ഇടങ്ങളിലും വൃത്തിയുള്ള, രാജ്യാന്തര നിലവാരമുള്ള ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി

 ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

 നാപ്കിന്‍ ഡിസ്‌ട്രോയര്‍ യൂണിറ്റ്, വാഷ് ബേസിന്‍, കണ്ണാടി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്

 നിലവിലുള്ളതും നവീകരിച്ചതുമായ ടോയ്‌ലറ്റുകളും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്

 പണം നല്‍കി ഉപയോഗിക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനം

 യാത്രക്കാര്‍ക്കായി വിശ്രമ കേന്ദ്രങ്ങളും കോഫി ഷോപ്പും ഇവിടെയുണ്ടാകും

 ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 14 എണ്ണം

 40 കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണത്തില്‍

 ശുചിത്വ മിഷന് കീഴില്‍ 115 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കും,​ ചെലവ് 16.8 കോടി രൂപ.                                                                                                               തീയ്യതി 13/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.