ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളർന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു.

2021-09-17 17:40:09

    
    രാജപുരം: ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളർന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു. ചെറുപനത്തടി കോലടുക്കത്തെ രാഘവൻ ആചാരിയുടെ മകൻ കെ.സത്യൻ (40) ആണ് ചികിത്സ നടത്താൻ പണമില്ലാതെ ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നത്. യുഎഇ യിലെ ഒരു കമ്പനിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന സത്യന് ഒരു വർഷം മുൻപാണ് ഉറക്കത്തിനിടെ പക്ഷാഘാതം വന്ന് ഒരുവശം തളർന്നത്. തുടർന്ന് സംസാരശേഷിയും  നഷ്ടപ്പെട്ടു. കോവിഡ് കാലമായതിനാൽ വിദേശത്ത്  വിദഗ്ധ ചികിത്സ ലഭിച്ചില്ല. തുടർന്ന് സുഹൃത്തുക്കളും , ബന്ധുക്കളും ചേർന്ന് സത്യനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രോഗം ഭേദമായില്ല. തന്റെ സമ്പാദ്യവും, ഉദാരമതികളുടെ സഹായവും ചേർത്ത്  8 ലക്ഷം രൂപ ഇതിനോടകം ചികിത്സയ്ക്കായി ചെലവഴിച്ചു. കൂടുതൽ വിദഗ്ധ ചികിത്സ നൽകിയാൽ സത്യനെ പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. ഇതേ തുടർന്ന് കഴിഞ്ഞ ഒരു മാസമായി സത്യൻ വയനാട് ആംസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. 50,000 രൂപ വില വരുന്ന 6 കുത്തിവയ്പുകൾ നടത്തിയാൽ തളർന്നു പോയ ഭാഗം പുർവ സ്ഥിതിയിലാക്കാമെന്ന് ഡോക്ടർ പറയുന്നു. ശേഷം തലയിൽ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാൻ ഒരു ശസ്ത്രക്രിയ കൂടി നടത്തണം. ഇതിനെല്ലാം ചേർന്ന് 10 ലക്ഷം രൂപ ചെലവ് വരും. എന്നാൽ ഇത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഭാര്യയും പിഞ്ചു കുട്ടിയും അച്ഛനും അമ്മയും അടങ്ങുന്നതാണ് സത്യന്റെ കുടുംബം. അച്ഛൻ കുലിവേല ചെയ്ത് കിട്ടുന്നതാണ് കുടുംബത്തിന്റെ ആകെയുള്ള വരുമാനം. സത്യന്റെ ചികിത്സയ്ക്കായി പനത്തടി പഞ്ചായത്ത് പ്രസിഡണ്ട്  പ്രസന്ന പ്രസാദ് ചെയർമാനായും, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ വർക്കിംഗ് ചെയർമാനായും, വാർഡംഗം എൻ.വിൻസെന്റ് കൺവീനറായും സത്വൻ കോലടുക്കം ചികിത്സ ധനസഹായ കമ്മിറ്റി രൂപീകരിച്ച് കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ 40416101043181 (ഐ.എഫ്.എസ്.സി കോഡ് KLGBH0040416) നമ്പറായി അക്കൗണ്ട് ആരംഭിച്ചതായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.രാജൻ, വാർഡംഗം എം.വിൻസന്റ്, പഞ്ചായത്തംഗം കെ.കെ. വേണുഗോപാൽ, പി.എ.മുഹമ്മദ് കുഞ്ഞി, എൻ. രാഘവൻ, എം.ഷെരീഫ് എന്നിവർ അറിയിച്ചു. ഫോൺ: 9946270716.                                                                                                                             തീയ്യതി 17/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.