മുതിർന്ന പത്രപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു
2021-09-18 17:45:36

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് (82) അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം.
മഹാരാജാസ് കോളജിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനിൽ തുടങ്ങി പത്രപ്രവർത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും അധ്യാപകനായും പത്രപ്രവർത്തക യൂണിയൻ നേതാവായുമെല്ലാം മാറിയ മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു റോയ്.
വെല്ലുവിളികളെ ചിരിച്ചു കൊണ്ടു നേരിടാൻ ശീലിച്ച, എന്നും പ്രസരിപ്പിന്റെ ആൾരൂപമായിരുന്ന റോയിയെ പക്ഷാഘാതം കീഴടക്കാൻ ശ്രമിച്ചത് 7 വർഷം മുൻപാണ്. ശരീരത്തിന്റെ ഒരു ഭാഗം തളർന്നെങ്കിലും സ്വതസിദ്ധമായ ചങ്കുറപ്പോടെ റോയ് ജീവിതത്തിലേക്കു മടങ്ങിയെത്തി. രോഗതളർച്ചയിൽ കർമമണ്ഡലങ്ങളിൽനിന്ന് അകന്നു വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ടി വന്നെങ്കിലും വാർത്തകളിൽ ആനന്ദം കണ്ടെത്തുന്ന ജീവിതം തന്നെയായിരുന്നു. എന്നും രാവിലെ 2 പത്രം മുടങ്ങാതെ വായിക്കുമായിരുന്നു. പിന്നെ ടിവി ചാനലുകളിലെ വാർത്തകൾക്കൊപ്പമായിരുന്നു പകൽ.
രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായിരുന്ന മത്തായി മാഞ്ഞൂരാൻ ആയിരുന്നു റോയിയൂടെ വഴികാട്ടി. മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിന്റെ പാർട്ടിയായ കെഎസ്പിയുടെ വിദ്യാർഥി നേതാവായിരുന്നു റോയ്. എ.കെ.ആന്റണിയും വയലാർ രവിയും ഉൾപ്പടെയുള്ളവർ കെഎസ്‌യു നേതാക്കളായി വാഴുന്ന കാലത്തു തന്നെയാണു റോയ് സോഷ്യലിസ്റ്റ് നേതാവായും തിളങ്ങിയത്.
കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന നിലയിലേക്ക് റോയ് വളർന്നു വരുമെന്നാണ് താൻ ഉൾപ്പടെയുള്ള അധ്യാപകർ കരുതിയതെന്ന് അവിടെ അധ്യാപകനായിരുന്ന പ്രഫ.എം.കെ.സാനു അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമല്ല, പത്രപ്രവർത്തനമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ റോയ്, മത്തായി മാഞ്ഞൂരാന്റെ തന്നെ പത്രമായ കേരള പ്രകാശത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിൽ വന്ന ലേഖനങ്ങൾ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാർത്താഏജൻസിയായ യുഎൻഐയിലും റിപ്പോർട്ടറായി.
മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത്. മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന
1963 എറണാകുളം മഹാരാജാസ് കോളേജില്‍ എം.എക്കു പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം ദിനപത്രത്തിലും പത്രാധിപ സമിതിയംഗമായി പിന്നീട് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി. 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി. 1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. 2002ല്‍ സ്വമേധയാ മംഗളം ദിനപത്രത്തില്‍ നിന്ന് വിരമിച്ചു.
കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും ഐ.എഫ്.ഡബ്ല്യൂ.ജെ. സിക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988-91 ല്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായിരുന്നു.
പുസ്തകങ്ങള്‍- മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദു:ഖം, മനസ്സില്‍ എന്നും മഞ്ഞുകാലം, ഇരുളും വെളിച്ചവും (4 ഭാഗം), ആതോസ് മലയില്‍, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഷിക്കാഗോയിലെ കഴുമരങ്ങള്‍, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍.
അവാര്‍ഡുകള്‍ -ശിവറാം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, റഹിം മേച്ചേരി അവാര്‍ഡ്, സി.പി.ശ്രീധരന്‍ അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, ആള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ ലൈഫ് ടൈംഅവാര്‍ഡ്, കേസരി രാഷ്ട്രസേവാ പുരസ്‌കാരം. തീയ്യതി 18/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.