കൊടും കുറ്റവാളി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

2021-10-13 17:42:22

    കൊല്ലം : ഭാര്യയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊന്ന കൊടും കുറ്റവാളി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവായ പ്രതി സൂരജിന് കൊല്ലം ആറാം അഡീഷന്‍ സെഷന്‍ കോടതി ജഡജ് എം മനോജാണ് ശിക്ഷ വിധിച്ചത്. ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊന്ന കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (ആസൂത്രിതകൊല), 307 (നരഹത്യ), 328 (വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍) വകുപ്പുകളില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം വിധി പറയുന്നതിന് മുമ്ബ് ജഡ്ജ് സൂരജിനെ അടുത്ത് വിളിച്ച്‌ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും പറയാനില്ലെന്ന് നിര്‍വികാരനായി മറുപടി പറയുകയായിരുന്നു. പ്രതിയുടെ നടപടി പൈശാചികവും വിചിത്രവും ഭീകരവുമാണെന്ന് പ്രോസിക്യൂഷന്‍ അവസാന വാദത്തില്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ കൊടുക്കണമെന്ന് വിധി പറയുന്നതിന് മുമ്ബായി പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. സംഭവം കൊലപതാകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കരുതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസാന്തരമുണ്ടെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പാമ്ബ് കടിയേറ്റ് ഭാര്യ വദനകൊണ്ട് പുളയുമ്ബോള്‍ അടുത്തൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ പ്രതിക്ക് ഒരു മാനസാന്തരവും ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദങ്ങള്‍ കേട്ടശേഷമാണ് വിധി പറഞ്ഞത്. തുടര്‍ന്ന് ഇന്നത്തേക്ക് ശിക്ഷ വിധിക്കാന്‍ മാറ്റുകയായിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ ഉത്ര(25)യെ സ്വന്തംവീട്ടില്‍ പാമ്ബ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ ഉപയോഗിച്ച്‌ കടിപ്പിച്ച്‌ ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടിയായിരുന്നു കൊല നടത്തിയത്. ഒരു വര്‍ഷവും അഞ്ച് മാസവും നാല് ദിവസവും പൂര്‍ത്തിയാവുമ്ബോഴാണ് വിധി എത്തിയത്. പ്രതി അറസ്റ്റിലായ 82-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.                                                                       തീയ്യതി 13/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.