സിവിൽ സർവീസ് റാങ്ക് ജേതാക്കൾ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം: മുഖ്യമന്ത്രി

2021-10-13 17:44:56

    
  നല്ല രീതിയിൽ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവിൽ സർവീസ് പരീക്ഷാ വിജയികൾ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്നും ഇത്തവണ സിവിൽ സർവീസ് പരീക്ഷ വിജയിച്ച 39 പേരെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനോടും നിഷേധ സമീപനം സ്വീകരിക്കുന്ന ഒരു വിഭാഗമുണ്ട്. ഒരു കാരണവശാലും അവരെ മാതൃകയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെ മാതൃകയാക്കിയാൽ മാത്രംപോരാ, പ്രവൃത്തിയിലൂടെ അവരെക്കാൾ മുന്നിലെത്താൻ ഇന്നത്തെ വിജയികൾക്കാകണം. രാജ്യത്തേയും ജനങ്ങളെയും അർപ്പണബോധത്തോടെ സേവിക്കണം. ദു:സ്വാധീനത്തിൽ അണുവിട വീഴാതെ പ്രവർത്തിക്കണം. ശരിയല്ലാത്ത തീരുമാനങ്ങൾ എടുപ്പിക്കാൻ ചിലർ ശ്രമിക്കും. ആദ്യമേതന്നെ തെറ്റ് ചെയ്യില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കാനായാൽ ഈ പ്രശ്നത്തെ മറികടക്കാനാവും. ഒരു തവണ കാലിടറിയാൽ, തെറ്റായ വഴി സ്വീകരിച്ചാൽ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമാകില്ല എന്നത് മനസിൽ കരുതണം.  
പിന്തള്ളപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കാനാവണം. അതിനുള്ള മനോഭാവം ഉണ്ടാവണം. സമൂഹത്തിലെ ഉന്നതർക്കും സാമ്പത്തികശേഷിയുള്ളവർക്കും നിങ്ങളുടെ സഹായം ആവശ്യമായി വരില്ല. അതേസമയം ഒരു വില്ലേജ് ഓഫീസറെപോലും നേരിൽ കാണാൻ സാധിക്കാത്ത ജനവിഭാഗമുണ്ട്. അവർക്കാണ് നിങ്ങളുടെ സേവനം യഥാർത്ഥത്തിൽ വേണ്ടത്. മികച്ച വേഷഭൂഷാധികളോടെ വരുന്നവരെ അംഗീകരിക്കുകയും പാവപ്പെട്ടവരോട് നീരസം തോന്നുകയും ചെയ്യുന്ന മാനോഭാവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയിച്ചവർ രാജ്യസേവനത്തിന് തയാറായി നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിങ്ങൾ നിയോഗിക്കപ്പെടാം. അത് പൂർണമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർവഹിക്കാനാവണം. എവിടെ നിയമനം ലഭിച്ചാലും അതാണ് തങ്ങളുടെ കർമ്മപഥമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സിവിൽ സർവീസ് മേഖലയിലേക്ക് കൂടുതൽ മലയാളികൾ കടന്നുവരുന്നതിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇടക്കാലത്ത് കൂടുതൽ വരുമാനമുള്ള മേഖലകളിലേക്ക് നമ്മുടെ യുവത്വം തിരിയുന്നതായി തോന്നിച്ചിരുന്നു. അതിന് മാറ്റമുണ്ടായിക്കാണുന്നു. രാജ്യസേവനത്തിനായി കൂടുതൽ പേർ തയാറാവുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ 39 വിജയികൾക്കും മുഖ്യമന്ത്രി പുരസ്‌കാരം വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരുന്നു. ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഫയർഫോഴ്സ് മേധാവി ഡിജിപി ബി. സന്ധ്യ, വീണാ മാധവൻ എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ വി. വിഗ്നേശ്വരി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റാങ്ക് ജേതാക്കൾ മറുപടി പറഞ്ഞു.                                                                                         തീയ്യതി 13/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.