പെലെയെയും മറികടന്ന് സുനില്‍ ഛേത്രി മുന്നോട്ട്; അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരില്‍ ആറാമനായി ഇന്ത്യയുടെ നായകന്
2021-10-14 12:12:15

മാലി: ലോക ഫുട്ബോളില്‍ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങില്‍ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ അന്താരഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനുണ്ട്. സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ നായകന് അവിടെയാണ് വിസ്മയമാകുന്നത്. സാഫ് കപ്പില്‍ ആതിഥേയരായ മാലിദ്വീപിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയതോടെ ഛേത്രി ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്നു. ഇതോടെ ഛേത്രിക്ക് അന്താരാഷ്ട്ര മത്സരത്തില്‍ 79 ഗോള്‍ ആയി. മത്സരത്തില്‍ 3-1ന് വിജയിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഒരു ഗോള്‍ കൂടി നേടിയാല്‍ അര്‍ജന്റീനയുടെ മെസിയോടൊപ്പം എത്താന്‍ ഇന്ത്യന്‍ നായകന് കഴിയും. അന്താരാഷ്ട്ര ഫുട്ബാള്‍ കളിക്കുന്നവരില്‍ നിലവില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ മാത്രമാണ് ഛേത്രിക്ക് മുന്നില്‍. പോര്‍ച്ചുഗീസ് നായകന് 115 ഗോളുമായി വളരെ മുന്നിലാണ്. ഇറാന്റെ അലി ദേയ്(109) മാത്രമാണ് റൊണോള്‍ഡോയെ കൂടാതെ 100 ഗോള്‍ നേടിയ മറ്റൊരു താരം. നിലവില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറാമനാണ് സുനില്‍ ഛേത്രി. മലേഷ്യയുടെ മുക്താര്‍ ദാഹരി(89),ഹങ്കേറിയന്‍ ഇതിഹാസം ഫ്രാങ്ക് പുഷ്കാസ്(84) എന്നിവരാണ് ഛേത്രിക്ക് മുന്നിലുളള മറ്റ് താരങ്ങള്‍. 124 മത്സരങ്ങളില്‍ നിന്നാണ് 79 ഗോള്‍ സ്കോര്‍ ചെയ്തത്. ഒരു മത്സരത്തില്‍ 0.63 ശരാശരിയിലാണ് ഛേത്രിയുടെ ഗോള്‍ നേട്ടം. 2005 ജൂണ്‍ 12ന് പാകിസ്താനെതിരെ ആയിരുന്നു ഛോത്രിയുടെ അന്താരാഷ്ട്ര ഫുട്ബാളിലെ അരങ്ങേറ്റം. നിലവില്‍ ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയുടെ താരമാണ് ഈ ഡല്ഹിക്കാരന്. മോഹന്‍ ബഗാന്,ജെസിടി,ഡെംപോ ഗോവ,ഈസ്റ്റ്ബംഗാള്‍,ചര്‍ചില്‍ ബ്രദേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് ഈ 37കാരന്. തീയ്യതി 14/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.