കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍: 2 സൈനികര്‍ക്ക് വീരമൃത്യു, ഭീകരര്‍ക്കായി തിരച്ചില്‍ ശക്തം

2021-10-15 11:30:08

    ശ്രീനഗര്‍: ( 15.10.2021) ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജൂനിയര്‍ കമീഷന്‍ഡ് ഓഫീസെറും, ജവാനുമാണ് മരിച്ചത്. തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സംശയിക്കുന്നത്.

ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപോര്‍ടുകള്‍. മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-പൂഞ്ച്-രജൗറി ഹൈവേ അടച്ചു. ഇന്‍ഡ്യയിലേക്ക് നുഴഞ്ഞു കയറിയ സൈനികര്‍ക്കായി പൂഞ്ച് ജില്ലയിലെ നര്‍കാസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനിക ഓഫിസെര്‍ക്കും സൈനികനും ഗുരുതരമായി പരുക്കേറ്റതെന്ന് വ്യാഴാഴ്ച സേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.

അതിര്‍ത്തിയിലെ സുരാന്‍കോട് വനമേഖലയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ചെ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഭീകരാക്രമണം. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. ഇതേതുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ രണ്ടിടത്തായി അഞ്ച് ഭീകരരെ വധിച്ചു. കശ്മീര്‍ താഴ്‌വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയില്‍ ഭീകരാക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും വര്‍ധിക്കുന്നതിനിടയിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പെടെ അഞ്ച് ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മലയാളി ജവാന്‍ വൈശാഖിനെ കൂടാതെ ജൂനീയര്‍ കമീഷന്‍ഡ് ഓഫീസെര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.                                                                                                                           തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.