കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ പ്രത്യേക പദ്ധതി

2021-10-15 11:43:36

    
കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പ്രത്യേക പദ്ധതി ഒരുങ്ങുന്നു. വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിട്ടുള്ള 1,438 ലീറ്റര്‍ എന്‍ഡോസള്‍ഫാനാണ് പ്രത്യേക ടാങ്കിലാക്കി നിര്‍വീര്യമാക്കുന്നത്.
പെരിയയിലെ ഗൗഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനാണ് ആദ്യം നിര്‍വീര്യമാക്കുന്നത്. പെരിയയില്‍ 914 ലീറ്ററും രാജപുരത്ത് 450 ലീറ്ററും ചീമേനിയില്‍ 73 ലീറ്ററുമാണ് അവശേഷിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പെരിയയില്‍ പ്രത്യേക ടാങ്ക് നിര്‍മാണം പൂര്‍ത്തിയാവുകയാണ്.

ഭൂമിക്കടിയില്‍ കല്ലും സിമന്‍റും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെയാണ് നിര്‍വീര്യമാക്കുക. ജില്ലയിലെ മൂന്ന് ഗോഡൗണുകളില്‍ നിന്നുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 40 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അതേസമയം, 20 വര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ജില്ലയില്‍ തന്നെ നിര്‍വീര്യമാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച കമ്ബനിക്ക് തന്നെ തിരികെ കൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിര്‍വീര്യമാക്കല്‍ പ്രക്രിയ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച ഗോഡൗണിന് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തും.                                                                                          തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.