പവര്‍ സ്റ്റാര്‍ ഇനിയില്ല, കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു, ഞെട്ടലില്‍ സിനിമാലോകം

2021-10-29 17:57:13

    
    ബെംഗളൂരു: കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടുളള സൂപ്പര്‍താരത്തിന്റെ വിടവാങ്ങല്‍.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ പുനീത് രാജ്കുമാറിന്റെ ആരോഗ്യനില അതീവഗുരുതരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതിരിക്കുകയാണ് കന്നട സിനിമാ ലോകവും ആരാധകരും.കന്നട സിനിമയിലെ മുന്‍നിര താരമായ പുനീത് രാജ്കുമാറിനെ രാവിലെ 11. 30തോട് കൂടിയാണ് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ താരം പതിവ് പോലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചു.ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ പുനിതിന്റെ അവസ്ഥ മോശമായിരുന്നു എന്ന് വിക്രം ആശുപത്രിയിലെ ഡോക്ടര്‍ രംഗനാഥ് നായക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം അന്തരിച്ചു.പുനീത് രാജ്കുമാര്‍ ആശുപത്രിയില്‍ ആണെന്നറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകരായ നിരവധി പേരാണ് വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്. പലരും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പുനിത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിക്രം ആശുപത്രിയിലേക്കുളള റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു.                                                                                           തീയ്യതി 29/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.