തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 14 മരണം; ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത് നിര്‍ത്തിവെച്ചു

2021-11-11 17:35:21

    
    ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു.

എട്ട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ചെന്നൈ, ചെങ്കല്‍പട്ടു, തിരുവല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

കനത്ത മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഉച്ചയ്ക്ക് 1.15 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങള്‍ പുറപ്പെടുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈ ഉള്‍പ്പെടെ 20 ജില്ലകളിലാണ് ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അടുത്ത രണ്ട് ദിവസത്തില്‍ 150 - 200 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. അടിയന്തരഘട്ടങ്ങളില്‍ അല്ലാതെ ആരും വീടുവിട്ട് പുറത്തുപോകരുതെന്ന് ഗ്രേറ്റര്‍ ചെന്നൈ കമ്മീഷണര്‍ ഗഗന്‍ദീപ് സിങ് ബേദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സ്റ്റാലിന്‍ വ്യക്തമാക്കി.                                                                                                                                        11/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.