ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥ; ആശങ്കക്കിടെ വീണ്ടും മഴ
2021-11-13 17:22:16

കോട്ടയം: ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥയാകുന്നതോടെ ജില്ലയുടെ മലയോരമേഖല കടുത്ത ആശങ്കയില്‍.
ഉരുള്‍പൊട്ടല്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്. ഇതോടെ ഭീതിയിലാണ് ജനം. ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
കൂട്ടിക്കല്‍ മേഖലയില്‍ മഴയും ഉരുളും നാശം വിതച്ച് ഒരുമാസത്തിലേക്ക് എത്തുമ്ബോഴാണ് മഴ വീണ്ടും ശക്തിപ്രാപിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കാലവര്‍ഷത്തിന് സമാനമായ രീതിയിലാണ് ജില്ലയില്‍ മഴ പെയ്തിറങ്ങിയത്. മലയോര മേഖലയില്‍ അതിശക്തമഴയാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്.ഒരു മാസത്തിനിടെ നാലുദിവസങ്ങളിലാണ് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ചെറുതും വലുതുമായ 100 ലധികം ഉരുളുകളും മലവെള്ളപ്പാച്ചിലുമാണ് ജില്ലയുടെ മലയോര മേഖലകളില്‍ ഉണ്ടായത്.
ഒക്ടോബര്‍ 16നാണ് വ്യാപക നാശം വിതച്ച ഉരുള്‍പൊട്ടലുകള്‍ ആദ്യമുണ്ടായത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ നൂറിലേറെ സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര് മരിച്ചു. ഒരാഴ്ചക്കുശേഷം എരുമേലി എയ്ഞ്ചല്‍വാലി പള്ളിപ്പടി, എഴുകുംവയല്‍ മേഖലയില്‍ ഉരുള്‍പൊട്ടി വ്യാപക നാശമുണ്ടായി. അപ്രതീക്ഷിത മഴയില്‍ കൂട്ടിക്കല്‍ മ്ലാക്കര മേഖലയില്‍ ഉരുള്‍പൊട്ടിയത് ഒരാഴ്ച മുമ്ബാണ്. വ്യാഴാഴ്ച പുലര്‍ച്ച കണമലയില്‍ ഉരുള്‍പൊട്ടിയും വ്യാപക നാശമുണ്ടായിരുന്നു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പരിചിതമില്ലാത്ത മഴക്കാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഏതാനും ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് പെയ്യുന്ന തുലാവര്‍ഷ മഴ മാത്രമാണ് മുന്‍കാലങ്ങളില്‍ ഈ സമയത്ത് പെയ്തിരുന്നത്. എന്നാല്‍, ന്യൂനമര്‍ദങ്ങളുടെയും ചക്രവാത ചുഴികളുടെയും ഭാഗമായി അതിശക്ത മഴയാണ് പെയ്യുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെന്റ കണക്കുപ്രകാരം ജില്ലയില്‍ 85 ശതമാനം അധികമഴ പെയ്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെ 425.5 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 788.5 മില്ലിമീറ്റര്‍ മഴ പെയ്തു. സമീപകാലത്തെ റെേക്കാഡ് മഴയാണിത്.
പുഞ്ചവയലിലും പാക്കാനത്തും ലക്ഷങ്ങളുടെ നഷ്ടം; ആയിരക്കണക്കിന് മീനുകളാണ് ഒഴുകിപ്പോയത്
മുണ്ടക്കയം: ഉരുള്‍പൊട്ടലില്‍ തോട് കരകവിഞ്ഞ് ഒഴുകിയപ്പോള്‍ പാക്കാനം മേഖലയിലെ കര്‍ഷകര്‍ക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും നിരന്തരമായി ഉണ്ടാകുന്ന ആക്രമണത്തില്‍നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ വേലികെട്ടി തിരിച്ചും ഉറക്കമൊഴിച്ച് കാവല്‍ ഇരുന്നും സംരക്ഷിച്ചിരുന്ന കൃഷിയിടമാണ് നിമിഷങ്ങള്‍കൊണ്ട് ഒഴുകിപ്പോയത്. ഉരുള്‍പൊട്ടലിലെ വെള്ളംകുതിച്ച് ഒഴുകിയ കാരിശ്ശേരി ചതുപ്പ് തോടിെന്റ ഇരുകരയിലുമായി കൃഷിയിടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളുടെ അധ്വാനംകൊണ്ട് വിളവെടുപ്പ് അടുത്ത കപ്പയും വാഴയും കൃഷിഭൂമികള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണമായി മേഖലയില്‍ ഒലിച്ചുപോയിരിക്കുന്നത്. നിരവധി തെങ്ങുകള്‍ കടപുഴകി, റബര്‍ മരങ്ങള്‍ കടപുഴകി വീണും മണ്ണും കല്ലും ഇടിഞ്ഞ് നശിച്ചഅവസ്ഥയിലാണ്. മേഖലയിലെ പലരും കൃഷിയിടങ്ങളോട് ചേര്‍ന്ന് കുളം നിര്‍മിച്ചും പടുത കുളങ്ങള്‍ കെട്ടിയും മീന്‍കൃഷി നടത്തിരുന്നു. വെള്ളംകയറി ഒഴുകിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മീനുകളാണ് ഒഴുകിേപ്പായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഉള്ളത് പണയംവെച്ചും വായ്പകള്‍ വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷിയിറക്കിയത്.
പ്രകൃതിക്ഷോഭത്തിെന്റ നഷ്ടപരിഹാര തുകയാകട്ടെ വളരെ തുച്ഛമാണ്. കുലച്ച വാഴക്ക് 100 രൂപയും കുലക്കാത്തതിന് 75 രൂപയും ,കപ്പക്ക് രണ്ടര ഏക്കറിന് 6800 രൂപയും റബര്‍ ടാപ്പ് ചെയ്യുന്നതിന് 300 രൂപയും ടാപ്പ് ചെയ്യാത്തതിന് 200രൂപയും എന്നിങ്ങനെയാണ് നഷ്ടപരിഹാര തുകയായി കര്‍ഷകര്‍ക്ക് കിട്ടുന്നത്. ഈ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് കര്ഷകന് നല്കുന്ന മൊത്തം തുകയാണ്. നഷ്ടപരിഹാര തുകയുടെ നാലും അഞ്ചും ഇരട്ടി വളവും മറ്റുമായി കര്‍ഷകര്‍ െചലവിടുന്നുണ്ട്. 13/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.